'പരിപാടി RSS ശാഖയിലോ നാഗ്പൂരിലോ അല്ല'; വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്



കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടിക്കെത്തി എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. സര്‍വ്വകലാശാല പാലയാട് ക്യാമ്പസിലാണ് ഐഷി എത്തിയത്. പ്രസംഗത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ഐഷി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. എസ്എഫ്‌ഐ ആര്‍എസ്എസിനെ എതിര്‍ക്കുന്നതിനാലാണ് പരിപാടിക്ക് അനുമതി നല്‍കാതിരുന്നതെന്നും താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് വി സി വ്യക്തമാക്കണമെന്നും ഐഷി ആവശ്യപ്പെട്ടു.

പരിപാടി നടക്കുന്നത് ആര്‍എസ്എസ് ശാഖയിലോ നാഗ്പൂരിലോ അല്ല. കാമ്പസിലാണ്. വൈസ് ചാന്‍സലറെ സംവാദത്തിന് ക്ഷണിക്കുകയാണെന്നും ഐഷി ഘോഷ് പ്രതികരിച്ചു. ഐഷി ഘോഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥി യൂണിയന്റെ ഷീ ഫെസ്റ്റിനായിരുന്നു കണ്ണൂര്‍ സര്‍വ്വകലാശാല അനുമതി നിഷേധിച്ചത്. വൈസ് ചാന്‍സലറുടെയോ രജിസ്ട്രാറുടെയോ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന കാരണത്താലായിരുന്നു നടപടി. എന്നാല്‍ മുന്‍കൂട്ടി അനുമതി നല്‍കിയിരുന്നുവെന്നും ഐഷി ഘോഷാണ് പരിപാടിയിലെ മുഖ്യാതിഥി എന്ന കാരണത്താലാണ് വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ചതെന്നുമായിരുന്നു എസ്എഫ്‌ഐ ആരോപണം. തുടര്‍ന്ന് സര്‍വ്വകലാശാല വിലക്ക് മറികടന്ന് എസ്എഫ്‌ഐ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.

കണ്ണൂര്‍ സര്‍വ്വകലാശാല വി സി 916 സംഘിയാണെന്നും വി സിയുടെ നിര്‍ദേശപ്രകാരമാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നുമായിരുന്നു എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയല്‍ തോമസ് ആരോപിച്ചത്. അംഗീകരിക്കാന്‍ കഴിയാത്ത നിലപാട് ആണ് സര്‍വ്വകലാശാല സ്വീകരിച്ചത്. മുന്‍പും സമാന ഇടപെടലുകള്‍ സര്‍വ്വകലാശാല വി സി നടത്തിയിട്ടുണ്ട്. എസ്എഫ്ഐ പരിപാടി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ഒരു മാറ്റവും ഇല്ലാതെ പരിപാടി നടക്കും. അതേ സെമിനാര്‍ ഹാളില്‍ തന്നെ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനിച്ചത് എന്നും ജോയല്‍ തോമസ് പറഞ്ഞിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement