ന്യൂഡൽഹി: പ്രീപെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുന്ന പുതിയ നിർദേശങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). 2026-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ ഭേദഗതി ചട്ടങ്ങൾ പ്രകാരം ഇനി മുതൽ കൃത്യം 30 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകൾ വിപണിയിൽ ലഭ്യമാകും. ഇതോടെ നിലവിൽ വർഷത്തിൽ 13 തവണ റീചാർജ് ചെയ്യേണ്ടിവരുന്ന സാഹചര്യം മാറി പ്രതിവർഷം 12 റീചാർജുകളായി കുറയ്ക്കാൻ സാധിക്കും.
28 ദിവസത്തെ പ്ലാനുകളെ പ്രതിമാസ പ്ലാനുകളായി നൽകുന്ന കമ്പനികളുടെ രീതി അവസാനിക്കുന്നത് സാധാരണക്കാർക്ക് ഏറെ പ്രയോജനം ചെയ്യും. പാർലമെന്റിൽ താൻ നിരന്തരം ഉന്നയിച്ച വിഷയത്തിലാണ് ഇപ്പോൾ ഉപയോക്തൃ സൗഹൃദപരമായ തീരുമാനം വന്നിരിക്കുന്നതെന്ന് രാജ്യസഭാ എം.പി. രാഘവ് ചദ്ദ പ്രതികരിച്ചു.
ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കാത്തവർക്കായി വോയ്സ് കോളുകളും എസ്.എം.എസും മാത്രം ഉൾപ്പെടുന്ന പ്രത്യേക താരിഫ് പ്ലാനുകൾ അവതരിപ്പിക്കാനും ട്രായ് കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോൺ ഇല്ലാത്തവർക്കും ഡാറ്റ ആവശ്യമില്ലാത്തവർക്കും ആവശ്യമില്ലാത്ത പാക്കുകൾക്കായി പണം ചെലവഴിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലുള്ളവർക്കും സാധാരണക്കാർക്കും പുതിയ നീക്കം ഏറെ ആശ്വാസകരമാകും.

إرسال تعليق