കണ്ണൂർ: സ്പാകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നതിനിടെ കണ്ണൂരിൽ 4 ബംഗ്ലാദേശി യുവതികൾ കൂടി പിടിയിലായി. ഇന്നലെ ഒരു വനിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി താമസം തുടരുന്ന വിദേശികൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശ് സ്വദേശിനികളായ ജമാൽപൂരിലെ നസ് അക്തർ (40), ഖുൽനയിലെ തസ്ലിമ ഖാത്തൂൺ (25), ഖുൽനയിലെ മോയ്ന ഖാത്തൂൺ (29), നസ്രിൻ (30) എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ടി.കെ. അഖിലും സംഘവും താമസ സ്ഥലത്തു നിന്നും പിടികൂടിയത്.
കണ്ണൂരിലെ ആയുഷ് സ്പാ നടത്തുന്ന ബെപിൻ എന്നയാൾക്ക് വാടകക്ക് നൽകിയ കക്കാട് ഒണ്ടേൻ പറമ്പിന് സമീപത്തെ ഫർസിൻ ക്വാർട്ടേഴ്സിലാണ് യുവതികൾ താമസിച്ചിരുന്നത്.
പാസ്പോർട്ടോ വിസയോ ഇല്ലാതെ അനധികൃതമായി താമസിച്ചുവരികയാണെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. ഇവരിൽ നിന്നും പിടിച്ചെടുത്ത ഫോണിൽ ബംഗ്ലാദേശ് ഐ.ഡി കാർഡുകളും ജനന സർട്ടിഫിക്കറ്റും കണ്ടെത്തി. ഇവ തങ്ങളുടേതാണെന്ന് പിടിയിലായവർ പറഞ്ഞു. അനധികൃത താമസവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സ്പാകൾ കേന്ദ്രീകരിച്ച് ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. രേഖകളില്ലാതെ താമസിക്കുന്ന വിദേശികൾക്കായി വ്യാപക പരിശോധനയാണ് നടക്കുന്നത്.

Post a Comment