കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് പിണറായി വിജയൻ. കോടിയേരിയുടെ വിയോഗം വ്യക്തിപരമായും പ്രസ്ഥാനത്തിനും സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വഴിവിളക്കുപോലെ അദ്ദേഹത്തിൻ്റെ സ്മരണകൾ നമുക്ക് മുന്നിൽ ഇന്നും ജ്വലിച്ചു നിൽക്കുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
ഏതു പ്രതിസന്ധിയേയും വൈഷമ്യങ്ങളെയും സൗമ്യമായ ചിരിയോടു കൂടി നേരിടാൻ കോടിയേരിക്ക് കഴിഞ്ഞിരുന്നു. പാർട്ടിക്കെതിരെ ഉയർന്ന ആക്രമണങ്ങളെ കാരിരുമ്പിൻ്റെ കാർക്കശ്യത്തോടെ കോടിയേരി പ്രതിരോധിച്ചെന്ന് പറഞ്ഞ അദ്ദേഹം ജനകീയ സമരങ്ങളുടെ മൂശയിൽ വാർത്തെടുക്കപ്പെട്ട ഉജ്ജ്വലമായ രാഷ്ട്രീയ ജീവിതമായിരുന്നു കോടിയേരിയുടേതെന്നും ഓർത്തെടുത്തു.
നാൾവഴികളിൽ എക്കാലവും വലിയ കരുത്തായി കോടിയേരി ഒപ്പമുണ്ടായിരുന്നു. ഏതു കടുത്ത പ്രതിസന്ധി ഘട്ടത്തിലും പരസ്പരം താങ്ങായി നിന്ന ആ ആത്മബന്ധം വാക്കുകൾക്ക് അതീതമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്കായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച കോടിയേരിയുടെ സ്മരണകൾ സമത്വപൂർണമായ ഒരു ലോകം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് എക്കാലവും ഊർജം പകരുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Post a Comment