പേരാവൂർ: തലശ്ശേരി-ബാവലി റോഡിലെ നെടുംപൊയിൽ-പേര്യ ചുരത്തിൽ റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണും കൂറ്റൻ പാറക്കല്ലുകളും ഒരു മാസം പിന്നിട്ടിട്ടും പൂർണമായി നീക്കം ചെയ്യാതെ അധികൃതർ. 29ാം മൈലിൽ നാലാം ഹെയർപിൻ വളവിന് സമീപമാണ് മണ്ണും പാറക്കല്ലുകളും ഇപ്പോഴും റോഡിൽ കിടക്കുന്നത്. അപകടസാധ്യത നിലനിൽക്കുമ്പോഴും റോഡ് പൂർവസ്ഥിതിയിലാക്കാൻ നടപടിയുണ്ടാകാത്തത് യാത്രക്കാരിൽ ആശങ്ക ഉയർത്തുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് രാത്രിയിലാണ് ചുരത്തിലെ റോഡിലേക്ക് മണ്ണും കൂറ്റൻ പാറക്കല്ലുകളും ഇടിഞ്ഞുവീണത്. മണ്ണിടിച്ചിലിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. തുടർന്ന് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി റോഡിന്റെ ഒരുവശത്തുനിന്ന് മാത്രമാണ് മണ്ണും പാറക്കല്ലുകളും നീക്കം ചെയ്തത്. എന്നാൽ, റോഡിൽനിന്ന് ഇവ പൂർണമായി മാറ്റാത്തതിനാൽ ഇടിഞ്ഞ ഭാഗത്ത് ഇപ്പോഴും ഒറ്റവശത്തിലൂടെയുള്ള ഗതാഗതമാണ് നടക്കുന്നത്.
ഇരുദിശകളിൽനിന്നും വാഹനങ്ങൾ ഒരേസമയം എത്തിയാൽ ഒരു വാഹനം കടന്നുപോകുന്നതുവരെ മറുവശത്തുള്ള വാഹനത്തിന് കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ബസുകളും ചരക്ക് വാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന പ്രധാന പാതയിലാണ് ഈ ദുരവസ്ഥ. കണ്ണൂർ-വയനാട് യാത്രക്കുള്ള പ്രധാന ഗതാഗത പാതകളിലൊന്നായ ചുരത്തിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ മണ്ണും പാറയും കിടക്കുന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. പാറകളിൽ വിള്ളൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് വീണ്ടും മണ്ണിടിയാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ചുരത്തിലെ പാറകളിൽ വിള്ളലുകൾ രൂപപ്പെട്ട നിലയിലാണെന്നും പ്രദേശവാസികൾ പറയുന്നു. മഴ ശക്തമായാൽ മണ്ണും പാറകളും വീണ്ടും റോഡിലേക്ക് പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

إرسال تعليق