കൊച്ചി :- പറവൂരിൽ പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്. മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തെന്ന കെഎസ്ആർടിസി കണ്ടക്ടർക്കെതിരായ പരാതിയിലാണ് നടപടി വന്നത്. കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗുരുവായൂർ എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന 3 എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 'പ്രിയദർശിനി' ബസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർത്ഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് കണ്ടക്ടർ പറയുകയായിരുന്നു. തുടർന്ന് "പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല" എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപമര്യാദയായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. യാത്രക്കാരിൽ ചിലരും തങ്ങളോട് മോശമായി പെരുമാറിയെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ പരാതിക്കാരിയെയും കണ്ടക്‌ടറെയും പറവൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പറവൂർ പൊലീസിൽ ലഭിച്ച പരാതി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തുകയും തുടർന്ന് സിഎംഡിയുടെ നിർദ്ദേശപ്രകാരം സസ്പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്തു.

إرسال تعليق