തലശ്ശേരിയിലേക്ക് വരാനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്തുനിൽക്കുന്നതിനിടെ അറിയാതെ മറ്റൊരു ട്രെയിനിൽ കയറിയ പാനൂരിലെ നാലുവയസ്സുകാരനെ ടി.ടി.ഇ. രക്ഷപ്പെടുത്തി



പാനൂർ : തലശ്ശേരിയിലേക്ക് വരാനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്തുനിൽക്കുന്നതിനിടെ അറിയാതെ മറ്റൊരു ട്രെയിനിൽ കയറിയ നാലുവയസ്സുകാരനെ ടി.ടി.ഇ. രക്ഷപ്പെടുത്തി മാതാപിതാക്കളുമായി വീണ്ടും ചേർത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.40ഓടെയാണ് സംഭവം. പാനൂർ സ്വദേശികളായ ദമ്പതികളുടെ മകനാണ് അറിയാതെ വണ്ടി മാറിക്കയറിയത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽനിന്ന് കഴിച്ച ഐസ്ക്രീമിന്റെ കവർ കളയുന്നതിനായി രക്ഷിതാവ് മാറിനിന്ന സമയത്താണ് കുട്ടി പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ജനശതാബ്ദി എക്സ്പ്രസിൽ കയറിയത്. പിന്നാലെ തീവണ്ടി പ്ലാറ്റ്ഫോം വിട്ടു.

കുട്ടിയെ കാണാതായതോടെ പിതാവ് സിറാജുദ്ദീനും മാതാവ് ഷമീനയും പ്ലാറ്റ്ഫോമിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ ജനശതാബ്ദി എക്സ്പ്രസിലെ ഡി-8 കോച്ചിന്റെ വാതിലിനടുത്ത് കുട്ടി തനിച്ച് നിൽക്കുന്നത് ടി.ടി.ഇ. എൻ.എം. പ്രതീഷിന്റെ ശ്രദ്ധയിൽപ്പെട്ടു.

കുട്ടിയെ കണ്ടെത്തിയ ഉടൻ പ്രതീഷ് റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. അതേസമയം, കുട്ടിയെ കാണാതായ വിവരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് കൺട്രോൾ റൂം വഴി പ്രതീഷ് കുമാറിനെയും അറിയിച്ചിരുന്നു.

കുട്ടിയെ ടി.ടി.ഇ. കണ്ടെത്തിയ വിവരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ് ചെയ്യുകയും ചെയ്തു. ജനശതാബ്ദി എക്സ്പ്രസ് തിരൂരിൽ എത്തിയപ്പോൾ ടി.ടി.ഇ. കുട്ടിയെ തിരൂർ ആർ.പി.എഫിന് കൈമാറി.

തുടർന്ന് കുട്ടിയെ കാണാതായ സംഭവത്തിൽ ആശങ്കയിലായിരുന്ന മാതാപിതാക്കൾ മറ്റൊരു തീവണ്ടിയിൽ തിരൂരിലെത്തി. അവിടെവച്ച് ആർ.പി.എഫിൽനിന്ന് കുട്ടിയെ ഏറ്റുവാങ്ങി.ടി.ടി.ഇ.യുടെ സമയോചിതമായ ഇടപെടലിലൂടെയാണ് വണ്ടി മാറിക്കയറിയ നാലുവയസ്സുകാരനെ സുരക്ഷിതമായി കണ്ടെത്താനും മാതാപിതാക്കളുമായി വീണ്ടും ചേർക്കാനും സാധിച്ചത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement