കണ്ണൂർ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്തും എൽ.ഡി.എഫ്. വിജയം; കോൺഗ്രസിന് സിറ്റിംഗ് സീറ്റ് നഷ്ടമായി



കണ്ണൂർ: കണ്ണൂർ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്തും എൽ.ഡി.എഫ്. വിജയം വരിച്ചു. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിലും പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോട് വാർഡിലുമാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ വിജയിച്ചത്. ഇതോടെ കോൺഗ്രസിന് ബാവോഡിലെ സിറ്റിംഗ് സീറ്റ് നഷ്ടമായി.

മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. കെ. സുരേഷ് കുമാർ 276 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഎമ്മിലെ കെ. കെ. അഭിമന്യുവിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സുരേഷ് കുമാർ 628 വോട്ടുകൾ നേടിയപ്പോൾ യു.ഡി.എഫ്. സ്ഥാനാർത്ഥി ലത്തീഫ് പഴശ്ശി 362 വോട്ടും ബി.ജെ.പി. സ്ഥാനാർത്ഥി കെ. മോഹനൻ 31 വോട്ടും നേടി.

കഴിഞ്ഞ തവണ കോൺഗ്രസ് പിടിച്ചെടുത്ത പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ ബാവോഡിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ. വി. രതീശൻ 65 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസിന്റെ എം. രഞ്ജിഷിനെയാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് കൗൺസിലറായിരുന്ന സുരേഷ് ബാബു തണ്ടാരത്തിന്റെ ആകസ്മിക വിയോഗത്തെ തുടർന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്. ഇവിടെ എൽ.ഡി.എഫിലെ കെ. വി. രതീശൻ 600 വോട്ടും, യു.ഡി.എഫിലെ എം. രഞ്ജിഷ് 535 വോട്ടും, ബി.ജെ.പിയിലെ കെ. പി. പ്രജിത്ത് 56 വോട്ടും നേടി.

വിജയിച്ച എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ. വി. രതീശന് സി.പി.എം. നേതാക്കളായ പി. ശശി, എൻ. ചന്ദ്രൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിജു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement