വയോജനക്ഷേമം സമൂഹത്തിന്റെ ഉത്തരവാദിത്തം -വയോജന കമ്മീഷന്‍ ചെയര്‍മാന്‍



കണ്ണൂർ:-വയോജനങ്ങള്‍ പ്രധാനമായും പ്രശ്നങ്ങള്‍ നേരിടുന്നത് കുടുംബങ്ങള്‍ക്കുള്ളില്‍ നിന്നുതന്നെയാണെന്നും സമൂഹവും കുടുംബവും മാറി ചിന്തിച്ചാല്‍ മാത്രമേ വയോജന ക്ഷേമം പൂര്‍ണാര്‍ഥത്തില്‍ സാധ്യമാവൂ എന്നും വയോജന കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.സോമപ്രസാദ് പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വയോജന കമ്മീഷന്‍ സിറ്റിങ്ങില്‍ പരാതികള്‍ പരിഗണിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതി തേടി വയോജനങ്ങളുടെ നിരവധി പരാതികളാണ് വിവിധ ജില്ലകളില്‍ നിന്നും കമ്മീഷന് മുമ്പാകെ എത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ 2007 ല്‍ പാസാക്കിയ നിയമത്തെ അടിസ്ഥാനമാക്കി വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ആര്‍.ഡി.ഒ മാരെ പ്രിസൈഡിങ്ങ് ഓഫീസര്‍മാരാക്കി ട്രിബ്യൂണലുകള്‍ നിലവിലുണ്ട്. കേരളത്തില്‍ 27 ട്രിബ്യൂണലുകളാണ് ഇത്തരത്തിലുള്ളത്. എന്നാല്‍ വര്‍ധിച്ചുവരുന്ന പരാതികള്‍ തീര്‍പ്പാക്കാന്‍ ഇവ മതിയാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് മാറ്റം വരണമെങ്കില്‍ പ്രത്യേക ട്രിബ്യൂണലുകള്‍ പോലെയുള്ള പകരം സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

മാതാപിതാക്കളെ സംരക്ഷിക്കാത്ത കേസുകളില്‍ മക്കള്‍ക്ക് വീതം വെച്ച് നല്‍കിയ സ്വത്ത് തിരിച്ചെടുക്കാന്‍ നിയമം അനുശാസിക്കുന്നുണ്ട്. ഇതെല്ലാം സാധ്യമാകണമെങ്കില്‍ ഏറെക്കാലം കാത്തിരിക്കേണ്ടിവരുന്നു എന്നതാണ് വയോജനങ്ങളുടെ ഇപ്പോഴത്തെ പരാതി. വയോജന കമ്മീഷന് മുന്നില്‍ വരുന്ന പരാതികള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുകയെന്നതാണ് കമ്മീഷന്റെ ലക്ഷ്യം. പരാതിക്കാരെയും അതിലുള്‍പ്പെട്ടവരെയും പ്രത്യേകം ഹിയറിങ്ങ് നടത്തി ഇരുഭാഗവും ശ്രദ്ധയോടെ കേട്ട് മാത്രമാണ് വയോജന കമ്മീഷന്‍ പരാതികള്‍ തീര്‍പ്പാക്കുക. 

അറുപത് വയസ്സിന് മുകളിലുള്ള വ്യക്തികളുടെ അവകാശ നിഷേധങ്ങള്‍, മോശം പെരുമാറ്റം, അവഗണന എന്നിങ്ങനെയുള്ള ഏത് പ്രശ്‌നങ്ങളും കമ്മീഷനെ അറിയിക്കാം. പരാതിക്കാരന്‍ നേരിട്ടു പരാതി നല്‍കണമെന്നില്ല. അവര്‍ക്ക് വേണ്ടി ആര്‍ക്കും പരാതി നല്‍കാം. മാധ്യമ റിപ്പോര്‍ട്ടുകളുടെയും മറ്റും അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വയം കേസ്സെടുത്ത് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

കളക്ട്രേറ്റില്‍ നടന്ന സിറ്റിങ്ങില്‍ നേരത്തേ ലഭിച്ച പരാതികളില്‍ കുടുംബാംഗങ്ങളുടെ ഹിയറിങ്ങ് നടത്തുകയും പുതിയ മൂന്ന് പരാതികള്‍ സ്വീകരിക്കുകയും തുടര്‍ നടപടികള്‍ക്കായി കൈമാറുകയും ചെയ്തു. വയോജന കമ്മീഷന്‍ അംഗം കെ.എന്‍.കെ നമ്പൂതിരി, കമ്മീഷന്‍ സെക്രട്ടറി ജി.വിനോദ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി.ബിജു, കമ്മീഷന്‍ ഓഫീസ് അസിസ്റ്റന്റ് എം.എ.അഖില്‍ തുടങ്ങിയവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു. പകല്‍ വീടിന് സ്ഥലം നല്‍കിയിട്ടും കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നിഷേധിക്കുന്നുവെന്ന തെരുവില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ പരാതിയില്‍ സിറ്റിങ്ങിന് ശേഷം കീഴല്ലൂരില്‍ വയോജന കമ്മീഷന്‍ സന്ദര്‍ശനം നടത്തി.

Post a Comment

أحدث أقدم

Join Whatsapp

Advertisement