ന്യൂഡൽഹി :- ക്യാൻസർ രോഗികൾക്ക് വലിയ ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മരുന്ന് വില നിയന്ത്രണ അതോറിറ്റിയായ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ഈ മരുന്നുകളുടെ ട്രേഡ് മാർജിൻ 30 ശതമാനമായി നിജപ്പെടുത്തി. പുതിയ വിലകൾ 2026 നവംബർ ഒമ്പത് മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. വില വിവരങ്ങൾ എൻപിപിഎ വെബ്സൈറ്റിലും ഫാർമ സഹി ദാം ആപ്പിലും ലഭ്യമാണ്. അമിതമായ വിലക്കയറ്റം തടയുന്നതിനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ പദ്ധതിയെന്ന് സർക്കാർ വ്യക്തമാക്കി.
പുതുക്കിയ വിലകൾ ഈടാക്കണമെന്നും അപ്ഡേറ്റ് ചെയ്ത് വിലവിവര പട്ടിക ആശുപത്രികളിലും മെഡിക്കൽ സ്ഥാപനങ്ങളിലും റീട്ടെയ്ൽ കടകളിലും പ്രദർശിപ്പിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യതയ്ക്കായി ഉൽപ്പാദനവും വിതരണവും നിലവിലുള്ളതുപോലെ തുടരാൻ 1 ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇമ്മ്യൂണോതെറാപ്പി മരുന്നുകൾ, സ്തനാർബുദത്തിനും പ്രോസ്റ്റേറ്റ് ക്യാൻസറിനും ഉപയോഗിക്കുന്ന ഡെനോസുമബ്, കീമോതെറാപ്പിയുമായി ബന്ധപ്പെട്ട അണുബാധകൾ തടയാൻ ഉപയോഗിക്കുന്ന പെഗ്ഫിൽഗ്രാസ്റ്റിം, വൻകുടൽ, അണ്ഡാശയ, ഗർഭാശയ ക്യാൻസറുകൾക്ക് ഉപയോഗിക്കുന്ന ബെവാസിഡുമാബ് തുടങ്ങിയവ ഉൾപ്പെടെയുള്ള 137 നോൺ-ഷെഡ്യൂൾഡ് മരുന്നുകളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പെംബ്രോലിസുമാബ്, ഡുർവാലുമാബ്, ഒസിമെർട്ടിനിബ് തുടങ്ങിയ പ്രമുഖ മരുന്നുകളുടെയും പരമാവധി റീട്ടെയിൽ വില ഇനി സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിലാകും.
വിലവിവരങ്ങൾ ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി ഏഴ് ദിവസത്തിനകം കമ്പനികൾ എൻ.പി.പി.എയെ അറിയിക്കണം. നവംബർ 9 മുതൽ റീട്ടെയ്ൽ വ്യാപാരികളും ആശുപത്രികളും കുറഞ്ഞ വിലയ്ക്ക് മാത്രമേ മരുന്നുകൾ നൽകാവൂ. ബ്രാൻഡഡ്, ജനറിക് മരുന്നുകൾക്കും കൂടാതെ ഇറക്കുമതി ചെയ്യുന്നതും പേറ്റന്റ് ഉള്ളതും ഇല്ലാത്തതുമായ എല്ലാ മരുന്നുകൾക്കും ഈ പുതിയ ഉത്തരവ് ബാധകമാണ്.
റീട്ടെയ്ൽ വിലയും പരമാവധി ചില്ലറ വിലയും തമ്മിൽ വലിയ അന്തരമുള്ളത് നേരത്തെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തിന് കാരണമായിരുന്നു. ചില മരുന്നുകൾക്ക് ഈ വ്യത്യാസം പത്തിരട്ടി വരെയായിരുന്നു. ഇതിനെ തുടർന്നാണ് ട്രേഡ് മാർജിൻ റാഷണലൈസേഷൻ നടപ്പിലാക്കിക്കൊണ്ട് സർക്കാർ വ്യാപാര ലാഭം 30 ശതമാനമായി പരിമിതപ്പെടുത്തിയത്. നിലവിലെ വില ഘടനയുടെ അടിസ്ഥാനത്തിൽ 70 ശതമാനം വരെയാണ് മരുന്ന് വിലയിൽ കുറവുണ്ടാകുന്നത്.

إرسال تعليق