ആറളത്തെ വിറപ്പിച്ച മോഴയാനയെ മയക്കുവെടി വച്ച് പിടികൂടി ; ഇനി വയനാട്ടിൽ അഴികൾക്കുള്ളിൽ



കണ്ണൂർ: കണ്ണൂർ ആറളം ഫാമിനെയും പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിയിലാഴ്ത്തിയ മോഴയാന കണ്ണൂർ മഖ്‌ന-1 നെ വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആറളം പുനരധിവാസ മേഖലയിലെ 13-ാം ബ്ലോക്കിൽ വെച്ച് ആനയെ മയക്കുവെടി വെച്ചത് എന്ന് വനംവകുപ്പ് അറിയിച്ചു.

വനംവകുപ്പിന്റെ ദൗത്യസംഘം ആദ്യ തവണ മയക്കുവെടി വെച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ട്. പിന്നീട് രണ്ട് തവണ കൂടി മയക്കുവെടി നൽകിയാണ് ആനയെ വരുതിയിലാക്കിയത്. പൂർണമായും മയങ്ങാതെ നിന്ന ആനയ്ക്ക് അധിക മരുന്ന് നൽകി മണിക്കൂറുകൾക്ക് ശേഷമാണ് പൂർണമായും മയക്കിയെടുത്തത് എന്ന് അധികൃതർ പറയുന്നു. വനം വെറ്ററിനറി സർജൻ ഡോ. ഗോകുലിന്റെ നേതൃത്വത്തിലാണ് ദൗത്യം നടന്നത്.

മയക്കുവെടിക്ക് ശേഷം 10 കിലോമീറ്റർ അകലെ വളയംചാലിൽ തയ്യാറാക്കി നിർത്തിയിരുന്ന കുങ്കി ആനകളെ സ്ഥലത്തെത്തിച്ചു. മണിക്കൂറുകളോളം പൂർണമായി മയങ്ങാതെ നിന്നതിനാൽ തുടക്കത്തിൽ കുങ്കി ആനകളെ അടുത്തേക്ക് എത്തിച്ചില്ല. പിന്നീട് കുങ്കി ആനകളായ വിക്രമിനെയും ഉണ്ണികൃഷ്ണനെയും തുടർന്ന് ഭരതനെയും സ്ഥലത്ത് എത്തിക്കുകയായിരുന്നു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ കുങ്കി ആനകളെ എത്തിച്ച് മോഴയെ താങ്ങി നിർത്തി.

13-ാം ബ്ലോക്കിലെ പ്രധാന റോഡിൽ നിന്ന് 300 മീറ്ററോളം മാറി ചീങ്ങാക്കാടുകൾ നിറഞ്ഞ സ്ഥലത്തുവെച്ചാണ് ആനയെ കീഴടക്കിയത്. സുരക്ഷ കണക്കിലെടുത്ത് ദൗത്യ സംഘത്തിനും അത്യാവശ്യം വേണ്ട പോലീസ് സംഘത്തിനും മാത്രമാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചത്. ഒരു ഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും റവന്യൂ സംഘത്തിനും പ്രവേശനം നിഷേധിച്ചതായി റിപ്പോർട്ടുണ്ട്. മാധ്യമപ്രവർത്തകരെ സംഭവസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ തടഞ്ഞിരുന്നു.

വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മോഴയെയും കൂടെയുണ്ടായിരുന്ന ആറ് കൊമ്പനാനകളെയും 13-ാം ബ്ലോക്കിലെ ഓടച്ചാൽ ഭാഗത്ത് നിരീക്ഷണ സംഘം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ശേഷം മറ്റ് കൊമ്പന്മാരെ മോഴയിൽ നിന്ന് അകറ്റിയാണ് മയക്കുവെടിക്കുള്ള സാഹചര്യം ഒരുക്കിയത്. കനത്ത മഴ ദൗത്യത്തിന് വെല്ലുവിളിയായി. മണ്ണുമാന്തി യന്ത്രം എത്തിച്ച് പുതിയ റോഡ് നിർമിച്ച ശേഷം യന്ത്രത്തിന്റെ സഹായത്തോടെ ലോറി എത്തിച്ച് കുങ്കി ആനകളുടെ സഹായത്തോടെ മോഴയെ ലോറിയിൽ കയറ്റി. കണ്ണൂർ ഡി.എഫ്.ഒ കെ. സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, കൊട്ടിയൂർ റെയ്ഞ്ചർ ടി. നിഥിൻരാജ്, കണ്ണവം റെയ്ഞ്ചർ സുധീർ നരോത്ത്, അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം പൂർത്തിയാക്കിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement