കണ്ണൂരില്‍ ഇന്ന് കടത്തനാടന്‍ അങ്കം



കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് കടത്തനാടന്‍ അംങ്കം. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും ആദ്യ സീസണിലെ ജേതാക്കളായ കാലിക്കറ്റ് എഫ്സിയും കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഏറ്റുമുട്ടും. വൈകീട്ട് 7.30നാണ് മത്സരം. സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങുന്ന കണ്ണൂരിന് കാലിക്കറ്റിന്റെ അപരാജിത കുതിപ്പിന് തടയിടുകയെന്നതും നിര്‍ണായകമാണ്.

കഴിഞ്ഞ സീസണില്‍ സ്വന്തം ഗ്രൗണ്ടില്‍ ഒരു വിജയം പോലും നേടാനാകാതിരുന്ന കണ്ണൂര്‍ വാരിയേഴ്സ് ഇത്തവണ ഹോം മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. സീസണില്‍ ഇതുവരെ കളിച്ച രണ്ട് ഹോം മത്സരങ്ങളിലും വിജയിച്ച ടീം ഫോഴ്സ കൊച്ചിക്കെതിരായ അവസാന മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കാലിക്കറ്റിനെ നേരിടാനിറങ്ങുന്നത്. കാലിക്കറ്റും അവസാന മത്സരം വിജയിച്ചാണ് കണ്ണൂരിലേക്ക് വണ്ടി കയറുന്നത്. 

കണ്ണൂരിന്റെ ആക്രമണനീക്കങ്ങളില്‍ നിര്‍ണായകമാകുക നിജോ ഗില്‍ബേര്‍ട്ടിന്റെ പ്രകടനമായിരിക്കും. ഫോഴ്സ കൊച്ചിക്കെതിരായ മത്സരത്തില്‍ രണ്ട് അസിസ്റ്റുകള്‍ നേടിയ നിജോ മികച്ച ഫോമിലാണ്. താരത്തിന്റെ വേഗവും കൃത്യതയുമുള്ള നീക്കങ്ങള്‍ കാലിക്കറ്റിന്റെ പ്രതിരോധത്തിന് വെല്ലുവിളിയാകുമെന്നാണ് പ്രതീക്ഷ. സ്ട്രൈക്കര്‍ ബോഗ്ദാന്‍ സ്റ്റാമെന്‍കോവിച്ച് ഫോമിലേക്കുയരുന്നതും കണ്ണൂരിന് പ്രതീക്ഷ നല്‍കുന്നു. ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയ അസിയര്‍ ഗോമസില്‍നിന്നും നിര്‍ണായക പ്രകടനമാണ് ടീം പ്രതീക്ഷിക്കുന്നത്. 

സൂപ്പര്‍ ലീഗ് കേരളയിലെ കരുത്തുറ്റ ടീമുകളിലൊന്നായ കാലിക്കറ്റ് എഫ്സി എല്ലാ പൊസിഷനുകളിലും മികച്ച താരങ്ങളുമായാണ് എത്തുന്നത്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന ടീം സീസണില്‍ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ചാണ് കണ്ണൂരിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ കണ്ണൂരിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസവും കാലിക്കറ്റിനുണ്ട്. 

ഇരുടീമുകളും തമ്മിലുള്ള മുന്‍കാല കണക്കുകളും കണ്ണൂരിന് വെല്ലുവിളിയാണ്. ഇതുവരെ ഒരു തവണ മാത്രമാണ് കാലിക്കറ്റ് എഫ്സിക്കെതിരെ കണ്ണൂര്‍ വാരിയേഴ്സിന് വിജയം നേടാനായത്. അതിനാല്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ആ ചരിത്രം തിരുത്തുകയെന്ന ലക്ഷ്യവും കണ്ണൂരിനുണ്ടാകും. ഹോം ഗ്രൗണ്ടിലെ മികവ് തുടരാന്‍ കണ്ണൂരും വിജയക്കുതിപ്പിന് തടയിടാതിരിക്കാന്‍ കാലിക്കറ്റും ഇറങ്ങുമ്പോള്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ആവേശകരമായ പോരാട്ടം പ്രതീക്ഷിക്കാം.

എന്ത് കൊണ്ട് കടത്തനാടന്‍ അങ്കം

സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ രണ്ട് സീസണുകളിലെ ചാമ്പ്യന്മാരാണ് ഇരു ടീമുകളും. ആദ്യ സീസണില്‍ ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ട് കോഴിക്കോട് ഇ.എം.എസ്. സ്റ്റേഡിയമായിരുന്നു. കണ്ണൂരിന്റെയും കോഴിക്കോടിന്റെയും ഭൂമിശാസ്ത്രപരമായ സാമീപ്യവും സാംസ്‌കാരിക ബന്ധങ്ങളും ഈ പോരാട്ടത്തെ അടയാളപ്പെടുത്താന്‍ അനുയോജ്യമാക്കുന്നു.

കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ നിലനിന്നിരുന്ന പഴയ കടത്തനാട് രാജ്യത്തിന്റെ ചരിത്രവും പേരിന് പ്രാധാന്യം നല്‍കുന്നു. കോലത്തിരി രാജാക്കന്മാരും സാമൂതിരിമാരും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും വൈരങ്ങളും കടത്തനാടിന്റെ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. വടക്കന്‍പാട്ടുകളിലെ വീരനായകന്‍ തച്ചോളി ഒതേനന്റെ നാടെന്ന വിശേഷണവും കടത്തനാടന്‍ അങ്കത്തിന് കൂടുതല്‍ ചരിത്രപരമായ മാനം നല്‍കുന്നു. വടക്കന്‍പാട്ടുകളിലെ അങ്കംപോലെ, ഇരുടീമുകളുടെയും പതിനൊന്ന് വീതം താരങ്ങള്‍ കളത്തിലിറങ്ങുന്ന പോരാട്ടത്തിന് ഇനി 'കടത്തനാടന്‍ അങ്കം' എന്ന പേരില്‍ അറിയപ്പെടും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement