കണ്ണൂർ: ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വീഡിയോ കോൾ ചെയ്യിച്ച സംഭവത്തിൽ യുവാവിനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ യുവതിയുടെ പരാതിയിലാണ് തിമിരി സ്വദേശിയും തെയ്യം കലാകാരനുമായ ലിജേഷ് (39) അറസ്റ്റിലായത്.
2025 ഒക്ടോബർ 6-നും 2026 ജൂലൈ 6-നും ഇടയിലുള്ള ഒരു ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ ഫോണിൽ വിളിച്ച് നഗ്നയായി വാട്‌സ്ആപ്പ് വീഡിയോ കോൾ ചെയ്യണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
വീഡിയോ കോളിനിടെ നഗ്നഫോട്ടോകൾ സ്‌ക്രീൻഷോട്ട് എടുത്ത് വെച്ച്, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നും വീണ്ടും വീഡിയോ കോൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് പരാതി. താൽപര്യമില്ലെന്ന് അറിയിച്ചിട്ടും നിരന്തരം പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും യുവതിയുടെ ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
ഇത്തരത്തിൽ നിരവധി സ്ത്രീകളെ ലിജേഷ് വലയിലാക്കിയതായും ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്.
സംഭവത്തെ തുടർന്ന് പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്കായി പോലീസ് കസ്റ്റഡിയിലെടുത്തു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെയും ശാസ്ത്രീയ അന്വേഷണം നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ലിജേഷിനെതിരെ കൂടുതൽ പരാതികൾ സ്റ്റേഷനിൽ എത്തിയേക്കുമെന്നാണ് സൂചന.

Post a Comment