സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു ദിവസവും 10 പൈസ വീതം വര്‍ധിക്കുന്നു



തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് ആറര രൂപയായിരുന്ന മുട്ടയുടെ ചില്ലറ വില ഒരാഴ്ച്ചക്കിടെ 8 മുതല്‍ 10 രൂപ വരെയിലേക്കെത്തി. നവംബര്‍ തുടക്കം മുതല്‍ തന്നെ മുട്ടവില ക്രമമായി ഉയരുകയായിരുന്നു. നവംബര്‍ ആദ്യം 6.10 രൂപയായിരുന്ന മൊത്തവ്യാപാര വില ഓരോ ദിവസവും പത്ത് പൈസ വീതം ഉയര്‍ന്നു. ഇതോടെ തട്ടുകടക്കാരും ഓംലറ്റ് പ്രേമികളും ബേക്കറി നടത്തുന്നവരും ഡയറ്റ്, ബോഡി ബില്‍ഡിങ് നോക്കുന്നവരുമെല്ലാം ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ വീണ്ടും മുട്ടയുടെ വില കുതിച്ചുയരുമെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തല്‍.  മുട്ട വില ഉയരാന്‍ കാരണമായി കര്‍ഷകര്‍ പറയുന്നത് കോഴിത്തീറ്റയുടെ വില വര്‍ധനവാണ്. നിലവില്‍ കോഴിത്തീറ്റക്ക് മാര്‍ക്കറ്റ് വില 2,760 രൂപയാണ്. 1,800 മുതല്‍ 2,000 രൂപ വരെയായിരുന്ന കോഴിത്തീറ്റ വിലയാണ് ഈ ദിവസങ്ങളില്‍ വര്‍ധിച്ചത്. കോഴിത്തീറ്റ ഉല്പാദിപ്പിക്കുന്നതിനുള്ള ചോളത്തിന്റെ ലഭ്യത കുറഞ്ഞതോടെ വില വര്‍ധനവിന് കാരണമായി വിലയിരുത്തുന്നത്. ഇതോടെയാണ് മുട്ടയുടെ വിലയും വര്‍ധിച്ചത്. നാഷണല്‍ എഗ്ഗ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നിര്‍ണ്ണയിക്കുന്ന വിലയില്‍ കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ 60 പൈസയുടെ വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 5.65 രൂപയായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ഒരു രൂപയോളം വില കൂടിയത്. സാധാരണയായി ദീപാവലി മുതല്‍ ക്രിസ്മസ് വരെയുള്ള കാലയളവില്‍ മുട്ടയ്ക്ക് വില വര്‍ദ്ധിക്കാറുണ്ടെങ്കിലും, ഇത്തവണ നേരത്തെ തന്നെ വില കുതിച്ചുയരുകയായിരുന്നു.  പെട്ടന്നുള്ള പ്രതിസന്ധിയുടെ അടിസ്ഥാന കാരണമാകുന്നത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് എഥനോള്‍ നിര്‍മാണത്തിനായി വന്‍തോതില്‍ ചോളം മറിച്ചുവില്‍ക്കാന്‍ തുടങ്ങിയതാണ്. ചോളം ഇപ്പോള്‍ ഇന്ത്യയിലെ എഥനോള്‍ വ്യവസായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അസംസ്‌കൃത വസ്തുക്കളിലൊന്നാണ്. 2022-23ല്‍ എഥനോള്‍ നിര്‍മാണത്തിന് ഉപയോഗിച്ച ചോളം 8.3 ലക്ഷം ടണ്ണായിരുന്നു. 2024-25ല്‍ അത് 125.75 ലക്ഷം ടണ്ണായി ഉയര്‍ന്നു. രണ്ടുവര്‍ഷത്തിനിടെ 15 മടങ്ങിലധികം വര്‍ധനയാണുണ്ടായത്. കോഴിത്തീറ്റ ഉല്പാദിപ്പിക്കുന്നതിനുള്ള ചോളത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് കോഴിത്തീറ്റക്ക് വില കുത്തനെ കൂടിയത്. ഇത് കോഴിമുട്ടയുടെ വിലയേയും സ്വാധീനിച്ചു. ക്രിസ്മസ്-പുതുവല്‍സര സീസണ്‍ അടുത്തതോടെ കേക്ക് നിര്‍മാണത്തിനും കോഴിമുട്ട ആവശ്യമാണ്. ഇതിനായി കേരളത്തിലെ ബേക്കറികള്‍ നവംബര്‍ അവസാനത്തോടെ വന്‍തോതില്‍ മുട്ട മുന്‍കൂറായി സംഭരിച്ചു തുടങ്ങുന്നതോടെ വരും ദിവസങ്ങളില്‍ മുട്ടവില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ഫാം ഉടമകളും വ്യാപാരികളും വിലയിരുത്തുന്നത്. 

Post a Comment

Previous Post Next Post

Join Whatsapp

Advertisement