കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വിലയിൽ പ്രഖ്യാപിച്ച വിലക്കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. വ്യാപാരികൾക്ക് ഈടാക്കാവുന്ന ലാഭവിഹിതത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് 1,364 കാൻസർ മരുന്നുകളുടെ പുതുക്കിയ വിലയാണ് ഇന്ന് മുതൽ നിലവിൽ വന്നിരിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം 3,540.38 കോടി രൂപ ലാഭിക്കാനാകുമെന്നാണ് കണക്ക്.
137 കാൻസർ മരുന്നുകൾക്കാണ് ദേശീയ ഔഷധ വിലനിർണയ അതോറിറ്റിയായ എൻപിപിഎ ലാഭവിഹിതത്തിന് പരിധി നിശ്ചയിച്ചത്. ഇതിൻ്റെ ഭാഗമായി വിവിധ കമ്പനികളുടെ ബ്രാൻഡഡ് മരുന്നുകളുടെ വില കുറച്ചിട്ടുണ്ട്. ചില മരുന്നുകൾക്ക് 50 ശതമാനത്തിലേറെയാണ് വിലക്കുറവ്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് രൂപീകരിച്ച വിദഗ്ധ സമിതി നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എൻപിപിഎയാണ് വില നിയന്ത്രണം നടപ്പാക്കിയത്. കാൻസർ ചികിത്സയുടെ ചെലവ് കുറയ്ക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നവംബർ 8 വരെയുള്ള കണക്കനുസരിച്ച് 85 ഔഷധ നിർമാണ കമ്പനികൾ 121 മരുന്നുകളുടെ പുതുക്കിയ പരമാവധി ചില്ലറ വിൽപന വില റിപ്പോർട്ട് ചെയ്തതായി കേന്ദ്രം അറിയിച്ചു. 679 ബ്രാൻഡുകളുടെ വിലയിൽ 50 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. ഏറ്റവും ഉയർന്ന വിലക്കുറവ് 96.45 ശതമാനമാണ്.
ഏതൊക്കെ മരുന്നുകൾക്കാണ് വില കുറഞ്ഞത്?
20ലധികം തരത്തിലുള്ള കാൻസറുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇമ്മ്യൂണോതെറാപ്പി മരുന്നുകളും പുതുക്കിയ വിലനിയന്ത്രണത്തിന്റെ പരിധിയിൽ വരും. ഡെനോസുമാബ്, പെഗ്ഫിൽഗ്രാസ്റ്റിം, ബെവാസിസുമാബ് 2 തുടങ്ങിയ മരുന്നുകളും പട്ടികയിലുണ്ട്. പെംബ്രോളിസുമാബ്, ദുർവാലുമാബ്, ഒസിമെർട്ടിനിബ് തുടങ്ങിയ വ്യാപകമായി ഉപയോഗിക്കുന്ന കാൻസർ മരുന്നുകൾക്കും വിലക്കുറവ് ബാധകമാണ്.
പുതുക്കിയ വില എങ്ങനെ അറിയാം?
പുതുക്കിയ വില നിലവിൽ വന്നതോടെ മെഡിക്കൽ ഷോപ്പുകൾക്കും ആശുപത്രി ഫാർമസികൾക്കും അതിൽ കൂടുതലുള്ള തുകയ്ക്ക് മരുന്നുകൾ വിൽക്കാനാകില്ല. മരുന്നുകളുടെ പായ്ക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള പുതുക്കിയ പരമാവധി ചില്ലറ വിൽപന വില പരിശോധിച്ച് ഉപഭോക്താക്കൾക്ക് വില ഉറപ്പാക്കാം.

إرسال تعليق