കണ്ണൂർ: ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ലിഫ്റ്റിനുള്ളിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയതോടെ ജീവനക്കാരും പൊതുജനങ്ങളും പരിഭ്രാന്തിയിലായി. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ലിഫ്റ്റിലുണ്ടായിരുന്ന ജീവനക്കാർ തലനാരിഴയ്ക്കാണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്.
ലിഫ്റ്റിനുള്ളിൽ പാമ്പിനെ കണ്ടതോടെ ജീവനക്കാർ ഭയന്ന് പുറത്തിറങ്ങുകയും ഉടൻതന്നെ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പാമ്പിനെ പിടികൂടുന്നതിനായി മാർക്ക് (MARK) പ്രവർത്തകൻ രഞ്ജിത്ത് നാരായണൻ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും പാമ്പ് ലിഫ്റ്റിന്റെ വിടവിലൂടെ ഇഴഞ്ഞുമാറിയിരുന്നു.
സംഭവത്തെ തുടർന്ന് ലിഫ്റ്റ് താൽക്കാലികമായി അടച്ചിട്ടു. പാമ്പിനെ കണ്ടെത്തുന്നതിനായി കെട്ടിടത്തിലും പരിസരത്തും ഏകദേശം ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂർഖൻ കെട്ടിടത്തിനുള്ളിൽ തന്നെ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഓഫീസിലെ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി.

إرسال تعليق