കണ്ണൂരിൽ ബിജെപി നേതാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ചു



കണ്ണൂർ കൈതപ്രത്ത് ബിജെപി നേതാവും ഓട്ടോറിക്ഷാ ഡ്രൈവറുമായ കെ കെ രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പടവ് സ്വദേശി എൻ കെ സന്തോഷിനെയാണ് മരിച്ച നിലയിൽ കണ്ടത്.‌ ഇന്ന് വൈകുന്നേരം 6.40 നാണ് പുനിയങ്കോട്ടെ റബർ തോട്ടത്തില്‍ മൃതദേഹം കണ്ടത്.

2025 മെയ് 20ന് വൈകിട്ട് ഏഴുമണിയോടെയാണ് കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണനെ(49) പ്രതി സന്തോഷ് വെടിവെച്ച് കൊന്നത്. ഈ കേസിൽ ജയിലിലായിരുന്ന സന്തോഷ് ആറ് മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. രാധാകൃഷ്ണൻ്റെ ഭാര്യയും കേസിലെ മൂന്നാം പ്രതിയുമായ മിനി നമ്പ്യാരെ സന്തോഷ് ഭീഷണിപ്പെടുത്തിയതായി പരാതി ഉണ്ട്. ഇതിനിടെയാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടത്.

കൊലപാതകം 

2025 മെയ് 20ന് വൈകിട്ട് ഏഴുമണിയോടെയാണ് കൈതപ്രത്ത് പുതുതായി നിർമിക്കുന്ന വീട്ടിൽ വച്ചാണ് രാധാകൃഷ്ണൻ വെടിയേറ്റു മരിക്കുന്നത്. ആ ദിവസം തന്നെ പ്രതി സന്തോഷിനെ സംഭവസ്ഥലത്ത് വച്ച് പോലീസ് പിടികൂടിയിരുന്നു. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് കൊലപാതകം നടന്ന വീടിനു സമീപം രാധാകൃഷ്ണന്റ ഭാര്യ മിനി നമ്പ്യാർ താമസിക്കുന്ന വാടകവീട്ടിൽ നിന്ന് പിന്നീട് കണ്ടെത്തി.

ഫേസ്ബുക്കിൽ കമന്റിട്ട് തുടക്കം

സംഭവം നടക്കുന്നതിന് ഒരു വർഷം മുൻപ് ഫേസ്ബുക്കിൽ വന്ന കുറിപ്പിനു പ്രതി സന്തോഷ് കമന്റിട്ടിരുന്നു. ഇതിനു മിനി ലൈക്ക് നൽകി. ഈ ലൈക്കിലൂടെയാണ് ഇരുവരും പരിചയമാകുന്നത്. ഇരുവരും സഹപാഠികളാണെന്നു ഭർത്താവ് രാധാകൃഷ്ണനോടും വീട്ടുകാരോടും കളവു പറഞ്ഞു. സഹപാഠി ബന്ധത്തിൽ പുതിയ വീട് നിർമിക്കാനുള്ള ചുമതലയും സന്തോഷിനു നൽകി.

എന്നാൽ മിനിയുടെയും സന്തോഷിന്റെയും ഇടപെടലിൽ സംശയം തോന്നിയ രാധാകൃഷ്ണൻ മിനിയുമായി വാക്ക് തർക്കം ഉണ്ടായി. പോലീസിൽ പരാതിയും നൽകി. തുടർന്നു മിനി അമ്മയുടെ കൂടെ കൈതപ്രത്ത് വാടക വീട്ടിൽ താമസമാക്കി. ഈ വീട്ടിൽ പലപ്പോഴും സന്തോഷ് എത്താറുണ്ടെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇവരുടെ ഫോൺ  ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. രാധാകൃഷ്ണനെ കൊല്ലുമെന്നു സന്തോഷ് പലപ്പോഴും മിനിയെ അറിയിച്ചിട്ടും ഇത് തടയാനോ രാധാകൃഷ്ണന്റെ ശ്രദ്ധയിലെത്തിച്ചു ജീവൻ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നു പോലീസ് കണ്ടെത്തിയിരുന്നു.

കൊലപാതകം നടന്ന സമയത്ത് മിനി അടുത്തുതന്നെയുള്ള വാടകവീട്ടിലുണ്ടായിരുന്നു. വെടിയൊച്ച കേട്ടിട്ടും കൊലപാതകം നടന്ന വീട്ടിലേക്ക് മിനി നമ്പ്യാർ വന്നില്ല എന്നതും പോലീസിന്റെ സംശയത്തിനു കാരണമായി.

Post a Comment

أحدث أقدم

Join Whatsapp

Advertisement