കൊച്ചി: തൈക്കുടത്ത് മൂന്നാംക്ലാസുകാരന് ക്രൂരപീഡനം. കുട്ടിയുടെ കാലുകളിൽ തേപ്പുപെട്ടി വെച്ചും ചട്ടുകം വെച്ചും പൊള്ളിച്ചു. കടയിൽ പോയിവരാൻ വൈകിയതിനാണ് സഹോദരീഭർത്താവ് മൂന്നാംക്ലാസുകാരനെ ക്രൂരമായി ഉപദ്രവിച്ചത്. സംഭവത്തിൽ കുട്ടിയുടെ സഹോദരീഭർത്താവായ പ്രിൻസ് എന്നയാളെ മരട് പോലീസ് കസ്റ്റഡിയിലെടുത്തു.
ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം സമീപവാസികൾ ഇടപെട്ടതോടെയാണ് പുറംലോകമറിഞ്ഞത്. പരിക്കേറ്റ കുട്ടിയുടെ ചിത്രം സമീപവാസിയായ ഒരു സ്ത്രീ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
പ്രിൻസ് കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. ക്രൂരമായ ഉപദ്രവം നേരിട്ടിട്ടും വീട്ടുകാർ സംഭവം മറച്ചുവെച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു. കുട്ടിയുടെ രണ്ട് കാലുകളിലും ചട്ടുകംവെച്ച് പൊള്ളിച്ച പ്രതി, കരഞ്ഞപ്പോൾ വായ പൊത്തി ചുമരിൽ ചേർത്തുനിർത്തുകയായിരുന്നു. അമ്മ ഇടപെട്ടിട്ടും ഇയാൾ പിൻവാങ്ങിയില്ല. പിന്നീട് തേപ്പുപെട്ടി കൊണ്ടും കുട്ടിയുടെ കാലുകളിൽ പൊള്ളലേൽപ്പിച്ചു. ഇതിനുമുമ്പും സഹോദരീഭർത്താവ് നിരന്തരം ഉപദ്രവിച്ചതായി കുട്ടിയും വെളിപ്പെടുത്തിയിട്ടുണ്ട്.
إرسال تعليق