പെണ്‍കുട്ടികള്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കെതിരെ പോരാടാനും അവരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ഓര്‍മപ്പെടുത്തി ഇന്ന് ദേശീയ ബാലികാ ദിനം. പെണ്‍ഭ്രൂണഹത്യകളും ബാലാപീഡനങ്ങളും ഒട്ടും കുറവില്ലാത്ത ഒരു രാജ്യത്ത് ബാലിക സംരക്ഷണം നമ്മുടെ കര്‍ത്തവ്യവും ചുമതലയും ആണെന്ന് വിളിച്ചോതുന്നതാണ് ഓരോ ബാലിക ദിനവും.
ഒക്‌ടോബർ 11നാണ് അന്താരാഷ്‌ട്ര ബാലികാദിനം. എന്നാല്‍ ദേശീയ ബാലികാ ദിനം ജനുവരി 24നാണ്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി 1966 ജനുവരി 24നാണ് ചുമതലയേറ്റത് എന്നതാണ് അതിനുള്ള കാരണം. ഇന്ത്യയില്‍ 2008 മുതലാണ് ഈ ദിനാചരണം നിലവില്‍ വന്നത്.
രാജ്യത്തെ ഭൂരിഭാഗം പെൺകുട്ടികളുടെയും ഭാവി സുരക്ഷിതമല്ലാത്തതിനാല്‍ തന്നെ അവരുടെ ഭാവിയെ കരുതി വർഷങ്ങളായി കേന്ദ്രസർക്കാർ ഒട്ടേറെ പദ്ധതികള്‍ രാജ്യത്ത് നടപ്പാക്കി വരുന്നുണ്ട്. അത്തരത്തിലുള്ള കേന്ദ്രപദ്ധതികളെ പരിചയപ്പെടാം.
ബാലികാ സമൃദ്ധി യോജന
ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്കാണ് ഈ പദ്ധതി. പെൺകുട്ടി ജനിച്ചയുടൻ സർക്കാർ 500 രൂപയുമായി കുഞ്ഞുങ്ങളുടെ പേരിൽ ലഘുസമ്പാദ്യ പദ്ധതി തുടങ്ങും. കുഞ്ഞുങ്ങളെ സ്‌കൂളിൽ ചേർക്കുമ്പോൾ വാർഷിക സ്‌കോളർഷിപ്പും ലഭിക്കും. 18 വയസായാൽ തുക പിൻവലിക്കാം. അങ്കണവാടി വഴിയാണ് അപേക്ഷ.
സുകന്യ സമൃദ്ധി യോജന
പത്ത് വയസ് തികയാത്ത പെൺകുഞ്ഞിന്റെ പേരിൽ രക്ഷിതാവിന് സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാം. കുറഞ്ഞ തുക 250 രൂപ. ഒരു സാമ്പത്തിക വർഷം പരമാവധി നിക്ഷേപം 1.50 ലക്ഷം രൂപ. 21 വർഷം പൂർത്തിയാകുമ്പോൾ അക്കൗണ്ട് കാലാവധി കഴിയും. പെൺകുട്ടിക്ക് 18 വയസ് തികയുന്നത് വരെ അക്കൗണ്ട് രക്ഷിതാവിന് പ്രവർത്തിപ്പിക്കാം.
ബേട്ടി ബചാവോ ബേട്ടി പഠാവോ
സ്‌ത്രീ ശാസ്തീകരണം ഉറപ്പാക്കാനുള്ള പദ്ധതി. ഓരോ ജില്ലക്കും നിശ്ചിത തുക നൽകി വിദ്യാലയങ്ങൾ പെൺസൗഹൃദമാക്കുക, പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ നടപ്പാക്കും.
പോഷകാഹാര പദ്ധതി
സ്‌കൂളിലെത്താത്ത 11–14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് വർഷത്തിൽ 300 ദിവസം പോഷകാഹാരം
ഉറപ്പാക്കുന്നതിനുള്ള പദ്ധതി. സംസ്‌ഥാന സർക്കാരുകൾ വഴിയാണ് നടപ്പാക്കുന്നത്.
ഇന്ദിരാഗാന്ധി സ്‌കോളർഷിപ്പ്
ഏകമകൾക്ക് പിജി കോഴ്‌സുകൾക്ക് പഠിക്കാൻ (2 വർഷം) പ്രതിവർഷം 36,200 രൂപ സ്‌കോളർഷിപ്പ്. 30 വയസുവരെ അർഹത.

إرسال تعليق