മാഹി: മാഹിയിലും കർണാടകയിലും പെട്രോൾ, ഡീസൽ വിലയിൽ വലിയ കുറവു വന്നതോടെ കണ്ണൂർ, കാസർകോട് ജില്ലകളുടെ അതിർത്തിയോടു ചേർന്ന കേരളത്തിനു പുറത്തെ പമ്പുകളിൽ വൻ തിരക്ക്. മാഹിയിൽ പെട്രോളിനു കേരളത്തിലേതിനേക്കാൾ 12 രൂപയും തലപ്പാടി അതിർത്തിയിലെ കർണാടക പമ്പിൽ 5.5 രൂപയുടെയും കുറവാണുള്ളത്. ഡീസലിനു കേരളത്തിലേതിനേക്കാൾ മാഹിയിൽ ഏകദേശം 11 രൂപയുടെയും ദക്ഷിണ കന്നഡ ജില്ലയിലെ തലപ്പാടിയിൽ 8.2 രൂപയുടെയും കുറവാണുള്ളത്.
കിലോമീറ്ററുകൾ അകലെ നിന്നു പോലും ആളുകൾ ഇന്ധനമടിക്കാൻ ഇവിടെയെത്തുന്നു. സ്വകാര്യ ബസുകളും ഓട്ടോകളും ഈ വിലക്കുറവ് ഏറെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ പമ്പുകളിൽ ഇന്നലെ വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. കേരളം നികുതി കുറയ്ക്കില്ലെന്നു വ്യക്തമാക്കിയതിനാൽ വരും ദിവസങ്ങളിലും തിരക്കു തുടരാനാണ് സാധ്യത. മാഹിയുടെയും തലപ്പാടിയുടെയും അതിർത്തിയോടു ചേർന്ന കേരള ഭാഗത്ത് പമ്പുണ്ടെങ്കിലും ആവശ്യക്കാർ തീരെയില്ല.
മാഹിയിൽ വൻ ലാഭം
കേന്ദ്രം എക്സൈസ് നികുതി കുറച്ചതിനു പിന്നാലെ പുതുച്ചേരിയിൽ വിൽപന നികുതി കുറച്ചതാണു മാഹിയിലെ ഇന്ധനവില കുറയാൻ കാരണമായത്. മാഹി മേഖലയിൽ പെട്രോളിന് 13.32 ശതമാനവും ഡീസലിന് 6.91 ശതമാനവും വാറ്റ് കുറച്ചു. കഴിഞ്ഞ ദിവസം മാഹിയിൽ പെട്രോളിന് 105.32 രൂപയായിരുന്നു വില. ഇന്നലെ 92.52 ആയി കുറഞ്ഞു. ഡീസലിന് 99.86 രൂപയിൽ നിന്ന് 80.94 രൂപയായി കുറഞ്ഞു.
പള്ളൂർ ചൊക്ലി റോഡിലെ പമ്പുകളിലും ഇടയിൽ പീടിക, പന്തക്കൽ, മൂലക്കടവ് എന്നിവിടങ്ങളിലെ പമ്പുകളിലും ഇന്നലെ രാവിലെ മുതൽ വൻ തിരക്കായിരുന്നു.കഴിഞ്ഞ ദിവസം വരെ മാഹിയിൽ നിന്നു പെട്രോൾ അടിച്ചാൽ ഉപയോക്താവിനു ലഭിച്ചിരുന്നത് 5–6 രൂപയുടെ ഇളവായിരുന്നു. ഡീസലിന് 4.50–5 രൂപ വരെയും. എന്നാൽ ഇപ്പോൾ ഇതിന്റെ ഇരട്ടിയിലേറെ നേട്ടമാണ് ലഭിക്കുന്നത്.
ദക്ഷിണ കന്നഡയിലും കുറഞ്ഞു
കേന്ദ്ര സർക്കാർ പെട്രോളിനു 5 രൂപയും ഡീസലിനു 10 രൂപയും എക്സൈസ് തീരുവ കുറച്ചിരുന്നതിനു പിന്നാലെ കർണാടക സർക്കാർ പെട്രോളിനും ഡീസലിനും 7 രൂപ വീതം ഇളവ് പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ കേരള–കർണാടക അതിർത്തിയായ തലപ്പാടിയിൽ കേരളത്തിലും കർണാടകയിലും പെട്രോൾ പമ്പുകൾ ഉണ്ട്. ഇരു പമ്പുകളിൽ വില വ്യത്യാസം വന്നതോടെ കർണാടകയിലെ പമ്പിൽ തിരക്ക് വർധിച്ചു.
കേരള അതിർത്തിയോടു ചേർന്നു കിടക്കുന്ന കർണാടകയിലെ സുള്ള്യ ടൗണിലും നിരക്ക് കുറഞ്ഞു.കേരള അതിർത്തിയിലെ ജനങ്ങൾ കർണാടകയിലെ പമ്പുകളിൽ പെട്രോൾ, ഡീസൽ അടിക്കാൻ കൂട്ടത്തോടെ എത്തുന്നു. ഉപ്പളയിലും ഹൊസങ്കടിയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോറിക്ഷകളും തലപ്പാടി വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുമാണ് ഈ വിലക്കുറവിന്റെ പ്രധാന ഗുണഭോക്താക്കൾ.
പെട്രോൾ വിലയിൽ തലശ്ശേരി–മാഹി വ്യത്യാസം 11.96 രൂപ (തലശ്ശേരിയിൽ ഇന്നലെ പെട്രോളിന് 104.48, മാഹിയിലെ ഇന്നലത്തെ പെട്രോൾ വില ലീറ്ററിന്– 92.52)
ഡീസൽ വിലയിൽ തലശ്ശേരി–മാഹി വ്യത്യാസം 10.79 രൂപ (തലശ്ശേരിയിൽ ഇന്നലെ ഡീസൽ വില 91.73, മാഹിയിൽ ഇന്നലത്തെ ഡീസൽ വില 80.94)
പെട്രോൾ വിലയിൽ തലപ്പാടി–കാസർകോട് വ്യത്യാസം 5.5 രൂപ (തലപ്പാടി അതിർത്തിയോടു ചേർന്ന് കേരളത്തിന്റെ പമ്പിലെ ഇന്നലത്തെ പെട്രോൾ വില 105.38, തലപ്പാടി അതിർത്തിയിൽ കർണാടക പമ്പിലെ പെട്രോൾ വില 99.90)
ഡീസൽ വിലയിൽ തലപ്പാടി–കാസർകോട് വ്യത്യാസം 8.22 രൂപ (തലപ്പാടി അതിർത്തിയോടു ചേർന്ന് കേരളത്തിന്റെ പമ്പിലെ ഇന്നലത്തെ വില 92.58, തലപ്പാടി അതിർത്തിയിൽ കർണാടകത്തിന്റെ പമ്പിലെ വില 84.36)
إرسال تعليق