കൊച്ചി: മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാർ അറബിക്കടലിൻറെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേംബർ. തീയേറ്റർ ഉടമകളുമായി നടത്തിയ ചർച്ചയിൽ ധാരണയിൽ എത്താനായില്ലെന്നും ചർച്ചകൾ വിഫലമായെന്നും ചേംബർ പ്രസിഡൻറ് ജി സുരേഷ് കുമാർ വ്യക്തമാക്കി. മരക്കാർ റിലീസുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിന് മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം മാറ്റിവെച്ചിരുന്നു.
ഫിലിം ചേംബർ പ്രതിനിധികളും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ ഇടപെടൽ. തീയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെ സംബന്ധിച്ച് ആന്റണി പെരുമ്പാവൂർ മുന്നോട്ടുവച്ച വ്യവസ്ഥകൾ തീയേറ്ററുടമകൾ അംഗീകരിച്ചില്ല.
തിയേറ്റർ റിലീസിന് ആവശ്യമായ വിട്ടുവീഴ്ചകൾ ചെയ്യാമെന്ന് തിയേറ്ററുടമകൾ ആന്റണിയോട് വ്യക്തമാക്കിയിരുന്നു. പണം ഡിപ്പോസിറ്റായി നൽകാൻ തയ്യാറാണെന്ന് തിയേറ്ററുടമകൾ സമ്മതിച്ചു. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. അത്രയും തുക നൽകാനാവില്ലെന്ന് തിയേറ്ററുടമകൾ പറഞ്ഞു. തുടർന്ന് ഫിലിം ചേംബറുമായി നടത്തിയ ചർച്ചയും പരാജയമായി.
ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്നും മരയ്ക്കാർ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. അത് തിയേറ്ററുടമകളിൽ കടുത്ത അതൃപ്തിയുണ്ടാക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് തിയേറ്ററുകൾ തുറന്നത്.
100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിർമിച്ചത്. ഏകദേശം രണ്ടരവർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. മോഹൻലാലിനെ പുറമേ മഞ്ജു വാര്യർ, അർജുൻ സർജ, പ്രഭു, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, സുഹാസിനി, സുനിൽ ഷെട്ടി, നെടുമുടി വേണു, ഫാസിൽ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്
إرسال تعليق