തൃശ്ശൂർ: ചേർപ്പിൽ വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ചേട്ടനെ അനുജൻ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് നിഗമനം. മറവ് ചെയ്യുമ്പോൾ ബാബുവിന് ജീവനുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോർട്ടത്തിൽ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി. മുത്തുള്ളിയാൽ തോപ്പ് കൊട്ടേക്കാട്ട്പറമ്പിൽ പരേതനായ ജോയിയുടെ മകൻ ബാബു (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനുജൻ സാബു (25)വിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബാബുവിനെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് സാബു മൊഴിനൽകിയിരുന്നത്. അതിന് ശേഷം അമ്മയുടെ സഹായത്തോടെ തൊട്ടടുത്ത പാടത്ത് മറവ് ചെയ്തുവെന്നാണ് പറഞ്ഞിരുന്നത്. കുഴിച്ചുമുടിയ സമയത്ത് ബാബുവിന് ജീവനുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. കുഴിച്ചുമൂടിയപ്പോൾ ശ്വാസം ഉള്ളിലേക്ക് എടുത്തപ്പോഴായിരിക്കാം മണ്ണിന്റെ അംശം അകത്തേക്ക് കടന്നതെന്നാണ് പ്രാഥമികമായ നിഗമനം.
മാർച്ച് 15-ന് രാത്രിയാണ് കൊലപാതകം നടന്നത്. മദ്യപിച്ച് ലക്കുകെട്ട നിലയിൽ വീട്ടിലെത്തിയ ബാബുവിനെ സാബു മർദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. 300 മീറ്റർ അകലെയാണ് ബാബുവിനെ കുഴിച്ചിട്ടത്. 15 മുതൽ ചേട്ടനെ കാണാനില്ലെന്നുകാണിച്ച് 19-ന് സാബു ചേർപ്പ് പോലീസിൽ പരാതി നൽകിയിരുന്നു.
22-ന് പശുവിനെ തീറ്റാൻപോയ നാട്ടുകാരനായ സുധാകരൻ ബണ്ടിലെ മണ്ണ് ഇളകിക്കിടക്കുന്നതും ഒരു ഭാഗം തെരുവുനായ്ക്കൾ ചേർന്ന് കുഴിക്കുന്നതും കണ്ടിരുന്നു. വ്യാഴാഴ്ച രാവിലെ അതേസ്ഥലത്ത് സുധാകരൻ എത്തിയപ്പോൾ മണ്ണ് പൂർവസ്ഥിതിയിൽ കിടക്കുന്നതുകണ്ട് സംശയം തോന്നി നാട്ടുകാരെ വിവരം അറിയിച്ചു.
കൈക്കോട്ട് ഉപയോഗിച്ച് കുഴിച്ചുനോക്കിയപ്പോൾ സിമന്റ്കട്ട നിരത്തിവെച്ച നിലയിൽ കണ്ടു. ദുർഗന്ധവും വന്നതോടെ ചേർപ്പ് പോലീസിൽ വിവരം അറിയിച്ചു. ചേർപ്പ് എസ്.ഐ. ജെ. ജെയ്സൻ സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ മൃതദേഹത്തിന്റെ കൈയുടെ ഭാഗം കണ്ടു. ബാബുവിന്റെ കൈയിൽ പച്ചകുത്തിയിരുന്നു.
إرسال تعليق