കീവ്: യുക്രൈനിലെ കീവിൽ നിന്നുൾപ്പടെ റഷ്യൻ സൈന്യം പിൻവാങ്ങിത്തുടങ്ങിയതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ. റഷ്യൻ പട്ടാളത്തിനെതിരെ ഗുരുതര ആരോപണവുമായി യുക്രൈൻ എം.പി രംഗത്തെത്തി. പ്രായപൂർത്തിയാവാത്ത യുക്രൈനിയൻ പെൺകുട്ടികളെ റഷ്യൻ പട്ടാളം ബലാത്സഗം ചെയ്തതായും സ്ത്രീകളുടെ ശരീരത്തിൽ അടയാളങ്ങൾ മുദ്രകുത്തുകയും ചെയ്തതായി യുക്രൈൻ എം.പി. ലെസിയ വാസിലെങ്ക് ആരോപിച്ചു.
പത്തുവയസ്സ് പോലും പിന്നിടാത്ത പെൺകുട്ടികളും സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയുമാണെന്ന് വാസിലെങ്ക് ട്വീറ്റ് ചെയ്തു. നഗരങ്ങൾ കൊള്ളയടിക്കപ്പെടുകയാണ്. സ്ത്രീകളുടെ ശരീരത്തിൽ സ്വസ്തിക ചിഹ്നം മുദ്രകുത്തുകയും ചെയ്തു. റഷ്യൻ പട്ടാളക്കാരാണ് ഇത് ചെയ്തത്. അവരെ വളർത്തിയത് റഷ്യൻ അമ്മമാരാണ്. അധാർമിക കുറ്റവാളികളുടെ രാഷ്ട്രമാണ് റഷ്യ എന്നും വാസിലെങ്ക് കുറിച്ചു.
ഈ ക്രൂരതകൾ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും അവർ പങ്കുവെച്ചു. കൈകൾ പുറകിൽ നിന്ന് കെട്ടിയ നിലയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ശേഷം കൊലപ്പെടുത്തിയ യുക്രൈൻ പൗരന്മാരുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം കീവിന് സമീപത്തെ ബുച്ചയിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെയാണ് ഈ ആരോപണവും ഉയർന്നിരിക്കുന്നത്.
ദേഷ്യവും വെറുപ്പും ഭയവും കൊണ്ട് തന്റെ മനസ്സ് തളർന്നിരിക്കുകയാണെന്ന് പീഡനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ലെസിയ വാസിലെങ്ക് ട്വീറ്റ് ചെയ്തു. നേരത്തെ യുക്രൈൻ ഭരണകൂടവും റഷ്യ സാധാരണ പൗരൻമാരെ കൂട്ടക്കൊല ചെയ്യുന്നതായി ആരോപിച്ചിരുന്നു. ബുച്ചയിൽ നിന്ന് മാത്രം 410 യുക്രൈൻ പൗരൻമാരുടെ മൃതദേഹം കണ്ടെത്തിയതായ വാർത്തകളും പുറത്തുവന്നു. എന്നാൽ ആരോപണങ്ങൾ റഷ്യ നിഷേധിച്ചു.

إرسال تعليق