പലവർണങ്ങളിൽ പുകവിതറുന്ന 'ആകാശപ്പുക', കുഴിമിന്നലും അമിട്ടും; വർണ്ണപ്പോരിനൊരുങ്ങി തൃശ്ശൂർ




തൃശ്ശൂർ: അസ്സൽ പോരാട്ടത്തിനു മുന്നേ ആകാശത്തൊരു ചെറുപോരാട്ടം; നിറങ്ങളുടെ തേരോട്ടം. കാണാൻ ഞായറാഴ്ച തേക്കിൻകാട്ടിലെത്തിയാൽ മതി. പൂരം സാമ്പിളിൽ തിരുവമ്പാടിയും പാറമേക്കാവും മാനം നിറയും.

അതിന്റെ മുറുക്കങ്ങളിലായിരുന്നു ശനിയാഴ്ച തൃശ്ശൂർ. പൂരം ഒരുക്കത്തിന് പരമാവധി മുറുക്കം കൈവന്ന ദിവസവുമായിരുന്നു ശനിയാഴ്ച. ഞായറാഴ്ച സാമ്പിൾ, പിറ്റേന്ന് തെക്കേഗോപുരനട തള്ളിത്തുറക്കൽ, ചൊവ്വാഴ്ച പൂരവും. വർണങ്ങൾ നിറയ്ക്കാനുള്ള കുഴിയെടുക്കലായിരുന്നു തേക്കിൻകാട് മൈതാനത്തെ കാഴ്ച.

വെടിക്കെട്ടുപുരകളിലും അവസാന ഒരുക്കത്തിലായിരുന്നു. കുഴികളെ മഴയിൽനിന്നു രക്ഷിക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ട് മൂടിയിടുന്നുമുണ്ട് ജോലിക്കാർ. പല വർണങ്ങളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. കൂട്ടത്തിൽ പ്രകമ്പനം സൃഷ്ടിക്കാനുള്ള ശബ്ദങ്ങളെ നിശ്ശബ്ദമായി ഒളിപ്പിച്ചിട്ടുമുണ്ട്.

അമിട്ടുകളിൽ പല വൈവിധ്യങ്ങൾ. മുകളിൽ പോയി കറങ്ങുന്നതും നിറങ്ങൾ വിതറുന്നതുമെല്ലാം ഇതിലുണ്ട്. ഫ്ളാഷ്, കാർണിവൽ, ഡോൾബി, ബട്ടർഫ്ളൈ എന്നിങ്ങനെയാണ് ഇവയ്ക്ക് പേരുനൽകിയിരിക്കുന്നത്. ആകാശപ്പുക എന്നൊരിനമാണ് ഇത്തവണ തിരുവമ്പാടി പുതുതായി ഇറക്കുന്നത്. പലവർണങ്ങളിൽ പുക വിതറുന്ന ഇനമാണിത്.

മൂളിശബ്ദത്തോടെ ഉയർന്നുപൊങ്ങുന്ന അമിട്ടുൾപ്പെടെ പാറമേക്കാവും കരുതിവെച്ചിട്ടുണ്ട്. പടക്കം, കുഴിമിന്നൽ, അമിട്ട് എന്ന ക്രമത്തിലാണ് സാമ്പിൾ മുന്നേറുക. ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് പൂർത്തിയായാലും അമിട്ട് പിന്നെയും പൊട്ടും. ആകാശത്ത് നിറങ്ങൾ വിതറുന്ന ഇവ കാണാനും ധാരാളം പേർ കാത്തിരിക്കുന്നുണ്ടാകും.

ഷീനയുടെ ചരിത്രനിയോഗം

ഇത്തവണ പൂരം വെടിക്കെട്ടിൽ തിരുവമ്പാടി വിഭാഗത്തിന് നേതൃത്വം നൽകുന്നത് ഷീന സുരേഷ് ആണ്. ആദ്യമായാണ് ഒരു വനിത വെടിക്കെട്ടിന്റെ മുൻനിരയിലെത്തുന്നത്. ഭർത്താവ് കുണ്ടന്നൂർ തെക്കേക്കര പന്തലങ്ങാട്ടിൽ പി.കെ. സുരേഷ് 2012 മുതൽ ഈ രംഗത്തുണ്ട്. സാമ്പിളിന്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ശനിയാഴ്ചയും ഷീന വെടിക്കെട്ടുപുരയിലുണ്ടായിരുന്നു. സാമ്പിൾ ഉഷാറാക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

പാറമേക്കാവിൽ വർഗീസ്


വെള്ളിക്കുളങ്ങര സ്വദേശി പി.സി. വർഗീസാണ് പാറമേക്കാവിന്റെ വെടിക്കെട്ടിന് നേതൃത്വം നൽകുന്നത്. ആദ്യമായാണ് ഇദ്ദേഹം ഈ ചുമതല ഏറ്റെടുക്കുന്നത്. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ സ്റ്റിബിൻ സ്റ്റീഫൻ രണ്ടുവർഷം തിരുവമ്പാടി വെടിക്കെട്ട് ഏറ്റെടുത്ത് നടത്തിയിരുന്നു. സ്റ്റിബിനും സഹായിയായി ഉണ്ട്. 2015, 2016 വർഷത്തെ വെടിക്കെട്ടാണ് സ്റ്റിബിൻ നടത്തിയിരുന്നത്. സാമ്പിളിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സ്റ്റിബിൻ പറഞ്ഞു. പല അത്ഭുതങ്ങളുമുണ്ടാകുമെന്ന സൂചനയും നൽകി.

Post a Comment

أحدث أقدم

Join Whatsapp

Advertisement