രാജ്യദ്രോഹക്കുറ്റം: ചില വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചെന്ന് സുപ്രീം കോടതിയിൽ കേന്ദ്രം




ന്യൂഡൽഹി: രാജ്യദ്രോഹ കുറ്റം ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പിന്റെ ചില വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിൽ ഫയൽചെയ്ത പുതിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൊളോണിയൽ കാലത്തെ കാലഹരണപ്പെട്ട നിയമങ്ങൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഉപേക്ഷിക്കണമെന്ന നിലപാടാണ് പ്രധാനമന്ത്രിക്കുള്ളതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വിഷയത്തിൽ തങ്ങൾ നിലപാട് എടുക്കുന്നതുവരെ കോടതി രാജ്യദ്രോഹ കുറ്റത്തിന്റെ സാധുത ചോദ്യംചെയ്തുള്ള ഹർജികളിൽ അന്തിമതീരുമാനം എടുക്കരുതെന്നും കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു

രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹർജികൾ ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തത്. മുൻ നിലപാടിൽ മാറ്റംവരുത്തിയാണ് പുതിയ സത്യവാങ്മൂലം. മനുഷ്യാവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം രാജ്യത്തിന്റെ അഖണ്ഡത കൂടി കണക്കിലെടുത്ത് നിലവിലെ നിയമത്തിൽ മാറ്റംവരുത്തുമെന്നാണ് കേന്ദ്രം പുതിയ സത്യവാങ്മൂലത്തിൽ പറയുന്നത്.

രാജ്യദ്രോഹ കുറ്റം ശരിവച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നായിരുന്നു ശനിയാഴ്ച സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. രാജ്യദ്രോഹ കുറ്റം നിലനിൽക്കുന്നതാണെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേദാർ നാഥ് സിങ് കേസിൽ 1962-ൽ പുറപ്പടുവിച്ച വിധിയിൽ രാജ്യദ്രോഹ കുറ്റം ഭരണഘടനപരമായി സാധുവാണെന്ന് വിധിച്ചിരുന്നു. ഈ വിധി ഇപ്പോഴും നിലനിൽക്കുകയാണ്. അതിനാൽ തന്നെ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ ആദ്യ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.


Post a Comment

أحدث أقدم

Join Whatsapp

Advertisement