തൃക്കാക്കരയിൽ ഇടതുസ്ഥാനാർഥിക്കായി ഇറങ്ങും; പുറത്താക്കുന്നെങ്കിൽ പുറത്താക്കൂ എന്ന് കെ.വി തോമസ്


കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസ്. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുമെന്നും കെ.വി തോമസ് പറഞ്ഞു. തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് ഒപ്പമാണെങ്കിലും താൻ കോൺഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്നെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നുവെങ്കിൽ പുറത്താക്കാനും കെ.വി തോമസ് വെല്ലുവിളിച്ചു. താൻ മുഖ്യമന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കുന്നതിനെ കുറ്റംപറയുന്നവർ മുൻപ് കരുണാകരൻ ഇടതുമുന്നണിക്ക് ഒപ്പം പോയതും ഭരണത്തിൽ പങ്കാളികളായ ചരിത്രവും ഓർമ്മിക്കണമെന്നും കെ.വി തോമസ് പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം സമരത്തിൽ പങ്കെടുത്തപ്പോൾ അത് തെറ്റാണെന്ന് അന്ന് കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.

തന്നെ നിരന്തരം വേട്ടയാടുകയാണ്. 2018 മുതലുള്ള സംഭവങ്ങളുടെ തുടർച്ചയാണിത്്. ഇപ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയം മാത്രമായി കാണേണ്ടതില്ല. വികസനമാണ് ചർച്ചാവിഷയമാകേണ്ടത്. അക്കാര്യത്തിൽ ഒരുമിച്ചുനിൽക്കുന്നതിന് പകരം എല്ലാത്തിനേയും എതിർക്കുന്നത് നല്ലതല്ല. തന്നെ പുറത്താക്കാനുള്ള ശ്രമം 2018 മുതൽ ആരംഭിച്ചതാണെന്നും തോമസ് പറഞ്ഞു.


Post a Comment

Previous Post Next Post

Join Whatsapp

Advertisement