ഷവർമ കഴിച്ച് മരണം: സ്ഥാപനത്തിന്റെ വാഹനം കത്തിനശിച്ച നിലയിൽ, കഴിഞ്ഞദിവസം കല്ലേറും


കാസർകോട്: ചെറുവത്തൂരിലെ ഐഡിയൽ ഫുഡ്പോയിന്റ് എന്ന സ്ഥാപനത്തിന്റെ വാഹനം കത്തിനശിച്ച നിലയിൽ കണ്ടെത്തി. ഇവിടെനിന്ന് ഷവർമ കഴിച്ച പെൺകുട്ടി കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വാൻ കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞദിവസം പെൺകുട്ടി മരിച്ചെന്ന വിവരം പുറത്തുവന്നതോടെ സ്ഥാപനത്തിന് നേരേ കല്ലേറുണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് സ്ഥാപനത്തിന്റെ വാനും കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം ചന്തേര പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം, ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഐഡിയൽ ഫുഡ് പോയിന്റ് മാനേജിങ് പാർട്ണർ അനക്സ്, ഷവർമ ഉണ്ടാക്കിയ നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവരെ ചന്തേര പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. സ്ഥാപനത്തിന്റെ മറ്റൊരു മാനേജിങ് പാർട്ണറായ അഹമ്മദ് പോലീസിന്റെ കസ്റ്റഡിയിലുമാണ്.

വെള്ളിയാഴ്ചയാണ് ചെറുവത്തൂരിലെ ഐഡിയൽ ഫുഡ്പോയന്റിൽനിന്ന് ദേവനന്ദയടക്കമുള്ളവർ ഷവർമ കഴിച്ചത്. ഞായറാഴ്ച രാവിലെയോടെ കുട്ടികൾക്ക് ഛർദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടു. രാവിലെ പത്തുമണിയോടെ രോഗലക്ഷണമുള്ളവർ ചെറുവത്തൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിത്തുടങ്ങി. ഇവർക്ക് പ്രാഥമിക ചികിത്സനൽകി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുമാറ്റി. അവിടെവെച്ചായിരുന്നു ദേവനന്ദയുടെ മരണം.

ഭക്ഷ്യവിഷബാധയെത്തുടർന്ന് ചെറുവത്തൂരിലെ ഐഡിയൽ ഫുഡ്പോയന്റ് ഭക്ഷ്യസുരക്ഷാ ജീവനക്കാരെത്തി അടപ്പിച്ചു. സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസില്ല. ഇവിടത്തെ ഭക്ഷ്യവസ്തുക്കളുടെ സാംപിൾ പരിശോധനയ്ക്കയച്ചു. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകി. ഭക്ഷ്യവിഷബാധയേറ്റവർക്ക് വിദഗ്ധചികിത്സ ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും നിർദേശം നൽകിയിട്ടുണ്ട്.

ദേവനന്ദയുടെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് എ.വി. സ്മാരക സ്കൂളിലും തുടർന്ന് പെരളം ഇ.എം.എസ്. മന്ദിരത്തിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചയ്ക്കുശേഷം വെള്ളൂരിൽ.

Post a Comment

أحدث أقدم

Join Whatsapp

Advertisement