തൃശ്ശൂർ: കൂണുകൾപോലെ വഴിയോരങ്ങളിൽ ഭക്ഷണവിൽപ്പനശാലകൾ ഉയരുകയാണ്. തട്ടുകടകൾ മുതൽ ഷവർമ-അൽഫാം കേന്ദ്രങ്ങൾ വരെ. കോവിഡ് മാറി സക്രിയമായ വിപണിയിൽ വിൽപ്പനയും നന്നായി നടക്കുന്നുണ്ട്. പുതുരുചികളുടെയും രുചിവൈവിധ്യങ്ങളുടെയും കേന്ദ്രങ്ങളായ തട്ടുകടകളിലും അറേബ്യൻ രുചിക്കടകളിലുമാണ് തിരക്ക് കൂടുതൽ. വെറും രജിസ്ട്രേഷനെടുത്ത് ഇവ തുടങ്ങാം. രജിസ്ട്രേഷന് 100 രൂപ മതിയെന്നതിനാൽ ദിനംപ്രതി പൊട്ടിമുളയ്ക്കുകയാണ് ഇത്തരം കടകൾ.
രജിസ്ട്രേഷനെടുത്താൽ കച്ചവടം എവിടെയും നടത്താം. 12 ലക്ഷത്തിന് മുകളിലാണ് വാർഷിക വിറ്റുവരവെങ്കിൽ മാത്രമേ ലൈസൻസ് ആവശ്യമുള്ളൂ. രജിസ്ട്രേഷനെടുക്കാതെ പ്രവർത്തിക്കുന്ന അറേബ്യൻ ഭക്ഷണക്കടകളുമുണ്ട്. എന്നാൽ, 100 രൂപ മതിയെന്നതിനാൽ രജിസ്ട്രേഷനെടുത്താണ് മിക്കവയും പ്രവർത്തിക്കുന്നത്. ആധാർ കാർഡ് മാത്രം മതി രജിസ്ട്രേഷനെടുക്കാൻ. ഇത് കിട്ടിയാൽ ചെറിയ മുതൽമുടക്കിൽ ചെറിയ സ്ഥലത്ത് കട തുടങ്ങാനുമാകും.
3000 രൂപയുടെ കാറ്ററിങ് ലൈസൻസും ഭീമമായ വാടകയും മറ്റ് ചെലവുകളുമുള്ള ഹോട്ടലുകൾ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്, തട്ടുകടകളുടെയും അറേബ്യൻ രുചിക്കടകളുടെയും വരവോടെ. അറേബ്യൻ സസ്യേതരയിനങ്ങൾ കിട്ടുന്ന ചെറിയ കടകളിൽ ദൈനംദിനപ്രവർത്തനച്ചെലവ് കുറവാണെന്ന സവിശേഷതയുമുണ്ട്.
കടകളിൽ വിൽപ്പനയ്ക്കായുള്ള മിക്ക ഇനങ്ങളും പാതി പാകപ്പെടുത്തി നൽകുന്ന ഏജൻസികളുണ്ട്. അൽഫാം, ഷവായ്, ഷവർമ തുടങ്ങിയ ഭക്ഷ്യ ഇനങ്ങൾക്കായുള്ള കോഴിയിറച്ചി പാതി വേവിച്ച് എത്തിക്കുന്ന ഏജൻസികളുണ്ട്. ഇവയോടൊപ്പം നൽകേണ്ട കുബ്ബൂസ്, മയണൈസ്, സലാഡ് എന്നിവയും ഏജൻസികളാണ് എത്തിച്ചുനൽകുന്നത്. പാതി വേവിച്ച മാസം തീയിൽ വേവിച്ചുനൽകുകയെന്ന ജോലി മാത്രമാണ് മിക്ക കടകൾക്കുമുള്ളത്.
ഇവിടെയെത്തിച്ചുനൽകുന്ന മാംസം എത്രദിവസം പഴക്കമുള്ളതാണെന്ന് കച്ചവടക്കാർ അറിയുന്നില്ല. വേവിച്ച് ചൂടോടെ നൽകുന്നതിനാൽ പുതിയ ഇനമാണെന്ന് കരുതി ആവശ്യക്കാരും വാങ്ങുന്നു. ഭക്ഷ്യവിഷബാധയുണ്ടായാൽ ഉടൻ കടപൂട്ടി മുങ്ങാമെന്ന സൗകര്യവുമുണ്ട്.
രണ്ടുദിവസംമുൻപാണ് തൃശ്ശൂർ കണ്ടശ്ശാംകടവിനടുത്ത് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചത്. നൂറിൽപ്പരംപേർ ചികിത്സ േതടി. കാറ്ററിങ് സ്ഥാപനം ഭക്ഷ്യസുരക്ഷാവിഭാഗമെത്തി പൂട്ടിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. ഇൻഷുറൻസില്ലാതെയാണ് മിക്കവയുടെയും പ്രവർത്തനമെന്നതിനാൽ നഷ്ടപരിഹാരവും കിട്ടില്ല.

إرسال تعليق