പള്ളൂർ :ആർഎസ്‌എസുകാർ വെട്ടിക്കൊന്ന സിപിഎം നേതാവ് പള്ളൂരിലെ കണ്ണിപ്പൊയിൽ ബാബുവിന്റെ സ്‌മരണക്ക് മുന്നിൽ സ്‌മരണാഞ്ജലിയർപ്പിച്ച് നാട്ടുകാർ. നാലാമത് രക്തസാക്ഷി വാർഷിക ദിനത്തിൽ ബലികുടീരത്തിൽ പുഷ്‌പാർച്ചനയും വളണ്ടിയർ മാർച്ചും ബഹുജനപ്രകടനവും അനുസ്‌മരണ സമ്മേളനവും നടത്തി. സിപിഎം പള്ളൂർ ബ്രാഞ്ചിന് പാലോട്ടുമ്മലിൽ നിർമിച്ച പി നാണു സ്‌മാരകമന്ദിരം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും കണ്ണിപ്പൊയിൽ ബാബു സ്‌മാരക ഹാൾ എ എൻ ഷംസീർ എംഎൽഎയും ഉദ്‌ഘാടനം ചെയ്‌തു. സ്‌മാരക മന്ദിരത്തിൽ ബാബുവിന്റെ ഫോട്ടോ പുതുച്ചേരി മുൻ ജില്ലസെക്രട്ടറി ടി. മുരുഗനും, പി. നാണുവിന്റെ ഫോട്ടോ ജില്ലസെക്രട്ടറിയറ്റംഗം കാരായിരാജനും അനാഛാദനം ചെയ്‌തു. പള്ളൂർ പാലോട്ടുമ്മൽ ചേർന്ന അനുസ്‌മരണ സമ്മേളനത്തിൽ വി ജനാർദനൻ അധ്യക്ഷനായി. സിപിഎം തലശ്ശേരി ഏരിയസെക്രട്ടറി സി കെ രമേശൻ, ടി സി എച്ച് വിജയൻ, ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐആർപിസിക്ക് കണ്ണിപ്പൊയിൽ ബാബുവിന്റെ സ്‌മരണക്ക് മക്കളായ അനുപ്രിയയും അനുനന്ദും ചേർന്ന് നൽകിയ തുക പി. ജയരാജൻ ഏറ്റുവാങ്ങി. ചൊക്ലി രജിസ്‌ട്രാഫീസ് കേന്ദ്രീകരിച്ചാണ് വളണ്ടിയർമാർച്ചും നൂറ് കണക്കിനാളുകൾ അണിനിരന്ന ബഹുജനപ്രകടനവും ആരംഭിച്ചത്. പള്ളൂർ ടൗൺ, നടമ്മൽ റോഡ് വഴി പാലോട്ടുമ്മൽ സമാപിച്ചു. രാവിലെ സ്‌മൃതിമണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പ്രകടനമായെത്തി പുഷ്‌പാർച്ചന നടത്തി. അനുസ്‌മരണയോഗത്തിൽ എ എൻ ഷംസീർ എംഎൽഎ, ടി. മുരുഗൻ, മുൻ എം എൽ എ ഡോ വി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലകമ്മിറ്റി അംഗം എം സി പവിത്രൻ, ബാബുവിന്റെ കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുത്തു. സിപിഎം മുൻ മാഹി ലോക്കൽ സെക്രട്ടറിയും ട്രേഡ്‌യൂനിയൻ നേതാവുമായ പി. നാണുവിന് പള്ളൂരിൽ സ്‌മാരകമെന്നത് ബാബുവിന്റെയും സ്വപ്‌നമായിരുന്നു. ഓഫീസ് നിർമാണത്തിനിടയിലാണ് ബാബു കൊല്ലപ്പെട്ടത്.

إرسال تعليق