വാർത്താ ഉള്ളടക്കങ്ങൾക്ക് ഫെയ്സ്ബുക്കും ഗൂഗിളും മാധ്യമ സ്ഥാപനങ്ങൾക്ക് പ്രതിഫലം നൽകണമെന്ന് നിഷ്കർഷിക്കുന്ന പുതിയ 'ഓൺലൈൻ വാർത്താ നിയമവുമായി' കാനഡ. ഓസ്ട്രേലിയ അവതരിപ്പിച്ച നിയമത്തിന് സമാനമായ നിയമമാണ് കാനഡയുടെ ഓൺലൈൻ ന്യൂസ് ആക്റ്റും.
ഗൂഗിളിനെതിരെ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ) ഇന്ത്യൻ കോമ്പറ്റീഷൻ കമ്മീഷനിൽ നൽകിയ കേസിന് പുതിയ നിയമം ശക്തിപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാനഡയെ കൂടാതെ ഓസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളാണ് സമാനമായ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കും വായനക്കാർക്കും ഇടയിൽ നിൽക്കുന്ന മധ്യസ്ഥരാണ് ഗൂഗിളും ഫെയ്സ്ബുക്കും പോലുള്ള പ്ലാറ്റ്ഫോമുകൾ. എന്നാൽ, വാർത്തകളിൽനിന്ന് ലഭിക്കുന്ന പരസ്യ വരുമാനത്തിൽ എത്ര പങ്ക് മാധ്യമസ്ഥാപനങ്ങൾക്ക് നൽകണം എന്ന് നിശ്ചയിക്കുന്നത് ഗൂഗിളിന്റേയും, ഫെയ്സ്ബുക്കിന്റേയും ഇഷ്ടപ്രകാരമാണ്.
കാനഡയിലെ പുതിയ ഓൺലൈൻ വാർത്താ നിയമത്തിന്റെ പിൻബലത്തിൽ ഗൂഗിളും, ഫെയ്സ്ബുക്കും ഉൾപ്പടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായി വിലപേശി പ്രതിഫലമുറപ്പിക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് സാധിക്കും. ഈ കരാറുകൾ ബന്ധപ്പെട്ട റെഗുലേറ്റർ പരിശോധിച്ച് വിലയിരുത്തുകയും ചെയ്യും.
ഈ കരാറുകൾ നിയമം അനുശാസിക്കുന്ന നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ, പിന്നീട് കനേഡിയൻ റേഡിയോ ടെലിവിഷൻ ആന്റ് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററുടെ മേൽനോട്ടത്തിൽ വിലപേശൽ നടത്തുകയും നിർബന്ധിതമായി നിരക്ക് തീരുമാനിക്കുകയും ചെയ്യേണ്ടിവരും.
ഓസ്ട്രേലിയൻ സർക്കാർ നടപ്പിലാക്കിയ നിയമം ആഗോള തലത്തിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് മാതൃകയാക്കിയാണ് ഇപ്പോൾ കാനഡയും നിയമം കൊണ്ടുവന്നിരിക്കുന്നത്.
ഡിജിറ്റൽ പരസ്യ വിതരണ മേഖലയിലുള്ള ആധിപത്യം ഗൂഗിളും ഫെയ്സ്ബുക്കും ചൂഷണം ചെയ്യുകയാണെന്നാരോപിച്ച് ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഡിഎൻപിഎ ഇന്ത്യയിൽ പരാതി നൽകിയിട്ടുണ്ട്. മാതൃഭൂമി, ഹിന്ദുസ്ഥാൻ ടൈംസ്, ദി ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ഈനാട്, മലയാള മനോരമ ഉൾപ്പടെയുള്ള മാധ്യമസ്ഥാപനങ്ങൾ ഡിഎൻപിഎ അംഗങ്ങളാണ്.
വാർത്താ വെബ്സൈറ്റുകളിലേക്കുള്ള ആകെ ട്രാഫിക്കിൽ 50 ശതമാനവും ഗൂഗിളിലൂടെയാണ് എത്തുന്നത്. അതേസമയം, സെർച്ചിലൂടെ ആളുകൾ ഏത് വാർത്ത കാണണം എന്ന് തീരുമാനിക്കുന്നത് ഗൂഗിളിന്റെ അൽഗൊരിതമാണ്. പരസ്യവിതരണക്കാരായ ഗൂഗിളിലേക്ക് വായനക്കാരെ എത്തിക്കുന്നതിന് പങ്കുവഹിക്കുന്നത് മാധ്യമസ്ഥാപനങ്ങൾ നൽകുന്ന വാർത്താ ഉള്ളടക്കങ്ങളാണ്. എങ്കിലും വരുമാനത്തിന്റെ മുഖ്യ പങ്കും എടുക്കുന്നത് സെർച്ച് എഞ്ചിനുകളാണ്.

إرسال تعليق