ജില്ലയിൽ വിവിധയിടങ്ങളിൽ നടന്ന ഭക്ഷ്യ സുരക്ഷ പരിശോധനയിൽ കൂടുതൽ സ്ഥാപനങ്ങൾക്ക് പൂട്ടുവീഴുന്നു. ശനിയാഴ്ച്ച നടന്ന പരിശോധനയിൽ തലശ്ശേരി NTTF കോളേജ് കാൻ്റീനിന് നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കാൻ്റീനിൽ നൽകിവരുന്ന ഭക്ഷണത്തിൽ നിന്നും പുഴുവിനെ കിട്ടുന്നത് പതിവായതിനെ തുടർന്ന് വിദ്യാർത്ഥികൾ കോളേജ് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ല. സമാന സംഭവങ്ങൾ തുടർന്നപ്പോൾ വിദ്യാർത്ഥികൾ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ കാൻ്റീനിന് നോട്ടീസ് നൽകുകയും 25000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഞായറാഴ്ച നടന്ന പരിശോധനയിൽ മൂന്ന് ഹോട്ടലുകൾ പൂട്ടിച്ചു. പെരിങ്ങത്തൂരിലെ ഫീൽ ഫിൽ, ലൈവ് കാറ്ററിംഗ് ഹോട്ടലുകളാണ് പൂട്ടിച്ചത്. ഇവ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. പെരിങ്ങത്തൂരിലെ എ.എഫ്.സി പരിശോധിക്കുന്ന വേളയിൽ ലൈസൻസ് ഹാജരാക്കാൻ കഴിഞ്ഞില്ല. മുംബൈയിൽ ആണെന്നും ഉടൻ ലൈസൻസ് ഹാജരാക്കുമെന്നും ഉടമ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സമയം നൽകി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മുണ്ടയാട് ബെസ്റ്റ് ബോംബേ ഹോട്ടൽ പൂട്ടിച്ചു. പരാതി കിട്ടിയതിനെ തുടർന്നാണ് ഇവിടെ പരിശോധിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ച 16 ഹോട്ടലുകളാണ് പരിശോധിച്ചത്, എഴെണ്ണത്തിന് നോട്ടീസ് നൽകി. ജില്ലയിൽ ഇതുവരെ 21 ഹോട്ടലുകൾ പൂട്ടിച്ചു.

إرسال تعليق