യു പിഐ ഇടപാടുകളിലും എ.ഐ വരുന്നു; നിര്‍ണായക പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍


മുബൈ: രാജ്യത്തെ പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ. അടിക്കടിയുള്ള പരിഷ്കാരങ്ങളിലൂടെ യുപിഐ ഇടപാടുകളെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ബാങ്കുകളുടെയും ഫിന്‍ടെക് സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാവുന്നുണ്ട്. അടുത്തിടെയാണ് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാതെ തന്നെ യുപിഐ പണമിടപാടുകള്‍ നടത്താവുന്ന പ്ലന്‍ ഇന്നുകള്‍ അവതരിപ്പിക്കുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ അറിയിച്ചത്. 

ഇക്കൂട്ടതില്‍ ഏറ്റവുമൊടുവിലത്തെ പ്രഖ്യാപനമാണ് ഇന്ന് രാവിലെ നടപ്പു സാമ്പത്തിക വര്‍ഷത്തെ പണ നയം സംബന്ധിച്ച് സംസാരിക്കവെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തിയുള്ള കോണ്‍വര്‍സേഷനല്‍ പേയ്മെന്റ് സംവിധാനം യുപിഐ ഇടപാടുകളില്‍ നടപ്പാക്കുന്നത് പരിഗണിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ആര്‍ട്ടിഫിഷ്യല്‍ സംവിധാനങ്ങളുമായുള്ള സംഭാഷണങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് പണമിടപാട് നടത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍ ഉപയോക്താക്കളുടെ സൗകര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമാണ് എഐ അടിസ്ഥാനപ്പെടുത്തിയുള്ള യുപിഐ ഇടപാടുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ആശയവിനിമയ പ്ലാറ്റ്ഫോമുകളില്‍ ഉപയോക്താക്കള്‍ക്ക് പണമിടപാടുകള്‍ നടത്താന്‍ സാധിക്കുന്നതാണ് പുതിയ സംവിധാനം.

നിലവില്‍ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിന് വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങും പോലുള്ള സങ്കേതങ്ങള്‍ റിസര്‍വ് ബാങ്കും രാജ്യത്തെ പൊതു - സ്വകാര്യ മേഖലകളിലെ ബാങ്കുകളും ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രധാന ബാങ്കുകള്‍ക്കെല്ലാം ഇപ്പോള്‍ തന്നെ എഐ അധിഷ്ഠിത സംവിധാനങ്ങളുണ്ട്. ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ എത്തിക്കാനുള്ള ചാറ്റ് ബോട്ടുകള്‍ മുതല്‍ പ്രമുഖ ഫിന്‍ടെക് സ്ഥാപനങ്ങളുമായുള്ള സഹകരണം വരെ ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം പണപ്പെരുപ്പം കൂടുകയാണെങ്കിലും റിപ്പോ നിരക്കില്‍ 6.5 ശതമാനത്തില്‍ നിന്ന് മാറ്റം വരുത്തുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഇന്ന് രാവിലെ പണനയ അവലോകന യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചു

Post a Comment

أحدث أقدم

Join Whatsapp

Advertisement