സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം വഴി ഓൺലൈൻ പാർട്ട് ടൈം ജോബ് വാഗ്ദാനം നൽകി വിവിധ തരത്തിലുള്ള ടാസ്കുകളിലൂടെ പണം കൈക്കലാക്കി വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. ചക്കരക്കൽ, തലശ്ശേരി സ്റ്റേഷനുകളിൽ സമാനരീതിൽ വഞ്ചിക്കപ്പെട്ടവരുടെ പരാതിയിൽ ഓരോ കേസുകൾ രജിസ്റ്റർ ചെയ്തു.
ജോലി ആവശ്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് സോഷ്യൽ മീഡിയ വഴി മെസ്സേജ് അയച്ചാണ് തട്ടിപ്പിന് തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്കുകൾ തന്ന് അത് പൂർത്തീകരിച്ചാൽ പണം നൽകിയതിന്റെ ലാഭത്തോടുകൂടി തിരികെ നൽകി വിശ്വാസം നേടിയെക്കും പിന്നീട് അങ്ങോട്ട് കൂടുതൽ പണം ടാസ്ക്കിൽ പങ്കെടുക്കാൻ ചോദിക്കുകയും പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുമ്പോഴാണ് തട്ടിപ്പാണെന്ന് പലർക്കും മനസിലാകുന്നത്. ഇതുപോലെ പലതരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളാണ് സമീപകാലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. പലർക്കും ലക്ഷങ്ങൾ ഇതു വഴി നഷ്ട്ടമാകുന്നുണ്ട്. ഇതുപോലുള്ള മെസ്സേജുകളും ലിങ്കുകളും നിങ്ങൾക്ക് ലഭിക്കുകയാണെകിൽ പൂർണമായും നിരസിക്കുക.
ജോലിക്കെടുക്കുന്ന കമ്പനി, അതിൻറ പ്രശസ്തി, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ എന്നിവ സമഗ്രമായി അന്വേഷിക്കുക. കമ്പനിക്ക് ഔദ്യോഗിക വെബ്സൈറ്റ് ഉണ്ടോയെന്ന് പരിശോധിക്കുകയും ജോലി വാഗ്ദാനങ്ങൾ പരിശോധിക്കാൻ അവരെ നേരിട്ട് ബന്ധപ്പെടുകയും ചെയ്യുക. അസാധാരണമായ ഉയർന്ന ശമ്പളമോ ആനുകൂല്യങ്ങളോ വാഗ്ദ്ധാനം ചെയ്യുന്ന ജോലി വാഗ്ദാനങ്ങളിൽ ജാഗ്രത പുലർത്തുക. നിയമസാധുതയെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ആധാർ നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അല്ലെങ്കിൽ പാസ്പോർട്ട് പകർപ്പുകൾ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ നൽകരുത്. ഇ-മെയിലുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ ലഭിക്കുന്ന, സ്വന്തമായി അപേക്ഷ സമർപ്പിക്കാത്ത ജോലി വാഗ്ദാനങ്ങൾ വിശ്വസിക്കാതിരിക്കുക.
ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെകിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ (https://cybercrime.gov.in/) നമ്പറായ 1930 തിൽ വിളിച്ച് കംപ്ലയിന്റ് റജിസ്റ്റർ ചെയ്യാവുന്നതാണ്.

Post a Comment