കടവത്തൂരിലെ കല്ലാച്ചേരി കടവ് പാലം പണിയുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ ആശങ്കയിൽ



പാനൂർ: കണ്ണൂർ - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കടവത്തൂരിലെ കല്ലാച്ചേരി കടവ് പാലം പണിയുമായി
ബന്ധപ്പെട്ട് പ്രദേശവാസികൾ ആശങ്കയിൽ. മാസങ്ങൾക്ക് മുൻപേ സർവേ നടപടി ആരംഭിച്ച പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ എതിർപ്പ് ശക്തമാകുന്നു. പാലം യാഥാർത്ഥ്യമായാൽ കടവത്തൂർ ഭാഗത്ത്‌ നിന്ന് കോഴിക്കോട് ജില്ലയിലെ ഇരിങ്ങണ്ണൂർ, നാദാപുരം ഭാഗത്ത് എളുപ്പം എത്താൻ കഴിയും. ഇപ്പോൾ ഇരഞ്ഞിൻകിഴിൽ ഭാഗത്ത്‌ നിന്ന് ഒരു കിലോമീറ്റർ നടന്നാണ് വിദ്യാർത്ഥികളും മറ്റു യാത്രക്കാരും കടവത്തൂർ ടൗണിൽ എത്തി ബസ് യാത്ര ചെയ്യുന്നത്.

കഴിഞ്ഞ ബജറ്റിൽ പാലം നിർമ്മാണത്തിന് 10 കോടി അനുവദിച്ചിരുന്നു. കേരള റോഡ് ഫണ്ട് ബോർഡാണ് ( കെ ആർ എഫ് ബി) പ്രവർത്തി ഏറ്റെടുത്തത്.  

ആദ്യഘട്ടത്തിൽ ഇരിങ്ങണ്ണൂർ റോഡിൽ നിന്നും നേരെ കണ്ണോൾ വയൽ വഴി റോഡിലേക്ക് പാലം വന്നിറങ്ങുന്ന രീതിയിൽ പരിഗണിച്ചിരുന്ന പദ്ധതിയുടെ പ്ലാൻ മാറിയതാണ് നിലവിലെ എതിർപ്പിന് കാരണം. ഇപ്പോഴത്തെ പ്ലാൻ പ്രകാരം പുഴക്കൽ ഭാഗത്ത് അനവധി വീടുകൾക്കും സ്വത്ത് വകക്കൾക്കും കടകൾക്കും നാശം വരുത്തുന്നതായി പ്രദേശവാസികൾ പറയുന്നു. ചില സ്ഥാപിത താൽപ്പര്യക്കാർക്ക് വേണ്ടി ആദ്യ പ്ലാൻ അട്ടിമറിച്ചതായാണ് ആരോപണം.

അതോടൊപ്പം കല്ലാച്ചേരിക്കടവിന് ഏറെയൊന്നും അകലെയല്ലാതെ മുണ്ടത്തോട് പാലം കഴിഞ്ഞ ഉടനെ വാച്ചാൽ സറാമ്പി ചേട്ട്യാലക്കടവ് നിന്ന് കുഞ്ഞിപ്പുര മുക്ക് വഴി മുടവന്തേരി-ഇരിങ്ങണ്ണൂർ ഭാഗത്തേക്ക്‌ ബന്ധിപ്പിക്കുന്ന ഏറെക്കുറെ പൂർത്തിയായ പുതിയ പാലത്തിന്റെ പണി കഴിയുന്നതോടെ കടവത്തൂർ ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ നാദാപുരം - വടകര ഭാഗത്തേക്ക്‌ പോകുവാൻ കഴിയും. ഇത് കല്ലാച്ചേരി കടവ് പാലത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്നതായി ഒരു വിഭാഗം നാട്ടുകാർ അഭിപ്രായപ്പെടുന്നു. 

കല്ലാച്ചേരി കടവിൽ 12 മീറ്റർ വീതിയിൽ നിർദ്ദിഷ്ട
പാലം വരുന്നതോട് കൂടി പുഴക്കൽ മുതൽ ഇരഞ്ഞിൻ കീഴിൽ വഴി കടവത്തൂർ ടൌൺ വരെയും പുഴക്കൽ മുതൽ നാറോൾ പീടിക വഴി കൊല്ലൻപീടിക മുണ്ടത്തോട് പാലം വരെയും 12-14 മീറ്റർ വീതിയിൽ റോഡ് വികസനം ഉണ്ടാവുമെന്നും പാലം സൈറ്റ് സന്ദർശിച്ച ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ചേട്ട്യാലക്കടവ് പാലത്തിന്റെ പണിയും പാതി വഴിയിൽ നിലച്ച നിലയിൽ ആണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement