ഇരിട്ടി: പട്ടാരം വിമലഗിരി കപ്പൂച്ചിൻ ധ്യാന കേന്ദ്രത്തിന്റെ രജത ജൂബിലി ആചരണങ്ങൾക്ക് ശനിയാഴ്ച സമാപനം. രാവിലെ 9.30 ന് ആഘോഷമായ കൃതഞ്ജതാ ബലിക്ക് തലശ്ശേരി അതിരുപത ആർച്ച്ബിഷപ് എമിരറ്റസ് മാർ. ജോർജ് ഞരളക്കാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും.
വളരെ വർഷങ്ങളായി ഭരണങ്ങാനം അസീസി ധ്യാന കേന്ദ്രത്തിൽ ശുശ്രൂഷ ചെയ്തിരുന്ന ആർമണ്ടച്ചൻ 1996-ൽ, മലബാറിൽ ഒരു ധ്യാനകേന്ദ്രം തുടങ്ങണമെന്ന ദൈവിക വെളിപാടിനാൽ പ്രേരിതനായി ഇവിടെ വരുകയും ഇരിട്ടി പുഴയോരത്ത് പട്ടാരം കുന്നിൽ സ്ഥലം വാങ്ങി ധ്യാന കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. പക്ഷെ, അധികം താമസിയാതെ 2001 ജനുവരി 12 ന് ക്യാൻസർ രോഗം മൂലം അദ്ദേഹം മരണമടഞ്ഞു. ആർമണ്ടച്ചന്റെ കബറിടം പട്ടാരത്ത് സ്ഥിതി ചെയ്യുന്നു.
ജീവിച്ചിരിക്കുമ്പോൾ വിശുദ്ധ ജീവിതത്തിനുടമ യായിരുന്ന അച്ചന്റെ കബറിടത്തിലേക്ക്, മരണ ശേഷം യാചനകളും പ്രാർത്ഥനകളുമായി ആയിരങ്ങൾ എത്തുവാൻ തുടങ്ങി. കേരളത്തിലും കർണ്ണാടകത്തിൽ നിന്നും നൂറുകണക്കിനാളുകൾ ധ്യാനത്തിനായി എത്തുന്നു. ഈ പുണ്യപിതാവിന്റെ 23-ാം ചരമവാർഷികാചരണവും ജൂബിലിയാഘോഷ സമാപനവും ശനിയാഴ്ചനടക്കും. ആർമണ്ടച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നാമകരണ നടപടികൾ പുരോഗമിച്ചുവരുന്നു.
11 ന് കബറിടത്തിങ്കൽ അനുസ്മരണ പ്രാർത്ഥനകൾ, 11-30 നു് ജൂബിലി സമാപന സമ്മേളനം അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. കപ്പൂച്ചിൻ സഭയുടെ കണ്ണൂർ പാവനാത്മ പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ ഫാ.തോമസ് കരിങ്ങടയിൽ അദ്ധ്യക്ഷം വഹിക്കും. മാർ ജോർജ് ഞരളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ.സജീവ് ജോസഫ് എം എൽ എ, പായം പഞ്ചായത്ത് പ്രസിഡണ്ട് പി.വി. രജനി, പഞ്ചായത്ത് മെമ്പർ ഷൈജൻ ജേക്കബ് എന്നിവർ സംസാരിക്കും. 25 വർഷം തുടർച്ചയായി ഇവിടെ ശുശ്രൂഷ ചെയ്ത പ്രേഷിതരെ ആദരിക്കും. ജൂബിലി സ്മരണികയുടെ പ്രകാശനം മാർ ജോർജ് ഞരളക്കാട്ട് നിർവ്വഹിക്കും. ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോസ് തച്ചുകുന്നേൽ സ്വാഗതവും, ആർമണ്ടച്ചന്റെ നാമകരണ നടപടികൾക്കായി റോമിൽ നിന്നും നിയമിതനായിട്ടുള്ള വൈസ് പോസ്റ്റുലേറ്റർ ഫാ. ജിതിൻ മാനുവൽ നന്ദിയും പറയും. ഒരു മണിക്ക് സ്നേഹവിരുന്നോടെ പരിപാടികൾ അവസാനിക്കും.

إرسال تعليق