ഇരിട്ടി : ആഴ്ചകളായി പുലിപ്പേടിയിലാണ് അയ്യൻകുന്ന് പഞ്ചായത്ത്. പഞ്ചായത്തിലെ ജനവാസ മേഖലയിൽ വിവിധ സ്ഥലങ്ങളിയായി ജനങ്ങൾ പുലിയെക്കാണുന്നതായി വരുന്ന വാർത്തകൾ ജനങ്ങളിൽ വലിയ ആശങ്കക്ക് കാരണമാകുകയാണ്. ഏറ്റവും ഒടുവിലായി വ്യാഴാഴ്ച വെളുപ്പിന് അഞ്ചുമണിയോടെ ആനപ്പന്തി പനക്കരയിലെ റബർ ടാപ്പിംഗ് തൊഴിലാളിയായ ഉറുമ്പിൽ ബെന്നിയാണ് പുലിയെ കാണുന്നത്. ആലപ്പാട്ട് ടൈറ്റസിന്റെ തോട്ടത്തിൽ ടാപ്പിംഗ് ചെയ്തുകൊണ്ടിരിക്കെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ പുലിയുടെ കണ്ണ് കണ്ടതോടെ സംശയം തോന്നി ശ്രദ്ധിച്ചപ്പോൾ ആണ് പുലിയാണെന്ന് മനസ്സിലാകുന്നത്. അൽപനേരം അനങ്ങാതെ നിന്നശേഷം സമീപത്തെ തോട്ടത്തിലേക്ക് നടന്നുപോയ പുലിയെ വ്യക്തമായി കണ്ടതായി ബെന്നി പറയുന്നു. ഹെഡ് ലൈറ്റിന്റെ പ്രകാശം കണ്ടതോടെയാണ് പുലി അടുത്ത തോട്ടത്തിലേക്ക് കയറിപ്പോയത്.
പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വാർഡ് മെമ്പർ സജി മച്ചിത്താന്നി, ഫോറസ്റ്റ് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. കാല്പാടുകൾ ഒന്നും കണ്ടെത്താൻ കഴിയാത്ത സഹചര്യത്തിൽ വന്യമൃഗം ഏതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
അയ്യൻകുന്ന് പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലായി തുടർച്ചയായി അഞ്ചാമത്തെ ദിവസമാണ് പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്. പാലത്തിൻകടവിലും, വാണിയപ്പാറ തട്ടിലും, വാണിയപ്പാറ അട്ടോലി മലയിലും, വാണിയ പാറയിൽ തന്നെ കളിതട്ടും പാറയിലും പുലിയെ കണ്ടിരുന്നു. വാണിയപ്പാറ അട്ടോലി മലയിൽ പട്ടിയെആക്രമിച്ച് പരിക്കേൽപ്പിച്ചത് പുലിതന്നെയാണെന്ന് കാൽപ്പാടുകൾ പരിശോധിച്ച വനം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ടാപ്പിംഗ് തൊഴിലിനു പുലർച്ചെ റബ്ബർ തോട്ടങ്ങളിൽ ത്തുന്നവർ തോട്ടത്തിൽ ഇറങ്ങുന്നതിന് മുൻപു തന്നെ ചുറ്റുപാടുകൾ നിരീക്ഷിക്കണമെന്നും പഞ്ചായത്ത് പ്രിസിഡന്റ് ആവശ്യപ്പെട്ടു.

إرسال تعليق