ആറളം ഫാം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ ഊരുണര്‍ത്തല്‍ പരിപാടി



ഇരിട്ടി: കേരളത്തിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ ആറളംഫാം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഊരുണര്‍ത്തല്‍ പരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍തല അവലോകന യോഗം ചേര്‍ന്നു. സാമൂഹ്യവും സാമ്പത്തികവും ഉള്‍പ്പടെയുള്ള നിരവധി കാരണങ്ങള്‍ കൊണ്ട് വിദ്യാലയത്തില്‍ എത്താന്‍ കഴിയാതെ പോകുന്ന കുട്ടികളെ വീട് സന്ദര്‍ശനം നടത്തി സ്‌കൂളില്‍ എത്തിക്കുന്നതടക്കമുള്ള വിവിധ പരിപാടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞവര്‍ഷം മുതലാണ് പരിപാടി ആരംഭിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, പട്ടിക വര്‍ഗ്ഗ വകുപ്പ് മേധാവിമാര്‍, എസ്എസ്‌കെ, പോലീസ്, എക്‌സൈസ് വകുപ്പ്, എസ്ടി പ്രമോട്ടര്‍മാര്‍, ആനിമേറ്റര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഊരു മൂപ്പന്മാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങി എല്ലാവരുടെയും സഹായത്തോടെ പിടിഎയുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം, ബ്ലോക്ക്തല യോഗങ്ങള്‍ തുടങ്ങി വേറിട്ട പരിപാടികളാണ് ഊരുണര്‍ത്തലിന്റെ ഭാഗമായി നടക്കുക.
സ്‌കൂളിലെ ഹാജര്‍ നില പരിശോധിച്ചു ആറളം പുനരധിവാസ മേഖലയിലെ വിദ്യാര്‍ഥികള്‍ എത്തുന്ന ആറോളം ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് ജനകീയ പരിപാടി സംഘടിപ്പിക്കുന്നത്. പഠന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവര്‍ക്ക് ആവശ്യമായ ഇടപെടലും ഇതിന്റെ ഭാഗമായി നടത്തും. സ്‌കൂളില്‍ നടന്ന അവലോകന യോഗം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ആമുഖഭാഷണം നടത്തി. പ്രധാനാധ്യാപകന്‍ ഇന്‍ചാര്‍ജ് ഒ.പി.സോജന്‍, പ്രിന്‍സിപ്പല്‍ എസ്. വിനയരാജ് എന്നിവര്‍
പരിപാടി വിശദീകരിച്ചു. ഇരിട്ടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ബിപിസി തുളസീധരന്‍, ആറളം പഞ്ചായത്ത് അംഗം മിനി ദിനേശന്‍, ടിആര്‍ഡിഎം സൈറ്റ് മാനേജര്‍ ഷൈജു, കുടുംബശ്രീ കോഡിനേറ്റര്‍ സനൂപ്, പിടിഎ പ്രസിഡന്റ് കൃഷ്ണന്‍ കോട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെബി.ഉത്തമന്‍, രാമചന്ദ്രന്‍, ഊരുണര്‍ത്തല്‍ പരിപാടി കോര്‍ഡിനേറ്റര്‍ പി.റസീന എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement