കോഴിക്കോട്: ഫറോക്ക് പാലത്തുനിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ യുവാവിനെ അനുനയിപ്പിച്ചു പോലീസ്.
മാറാട് ഇൻസ്‌പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ആണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
ഏറെ നേരം നീണ്ട അനുനയ ശ്രമത്തിനൊടുവിലാണ് 24കാരൻ പാലത്തിന്റെ കൈവരിയില്‍ നിന്നും താഴെ ഇറങ്ങിയത്. ബന്ധുക്കളെ വിളിച്ചു വരുത്തി. യുവാവിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്യാൻ പോയ യുവാവ് താൻ ജീവനൊടുക്കാൻ പോവുകയാണെന്ന് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചിരുന്നു.
ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ ഫറോക് പാലത്തിലേക്ക് എത്തി. ബൈക്കിലെത്തിയ യുവാവ് ഈ സമയം പാലത്തിൻ്റെ കൈവരിയില്‍ കയറി നില്‍ക്കുകയായിരുന്നു.
എന്ത് പ്രശ്നമാണെങ്കിലും പരിഹരിക്കാമെന്നടക്കം പൊലീസ് പറഞ്ഞുനോക്കിയെങ്കിലും തുടക്കത്തില്‍ യുവാവ് തന്റെ അടുത്തേക്ക് അടുക്കരുതെന്ന നിലപാടില്‍ ഉറച്ചു.
എന്നാല്‍ പൊലീസ് ഏറെ നേരം യുവാവിനോട് സംസാരിച്ച് അനുനയിപ്പിച്ച് താഴെയിറക്കി. ഈ സമയം പൊലീസുകാരുടെ മുന്നില്‍ യുവാവ് പൊട്ടിക്കരഞ്ഞു.
എന്താണ് യുവാവിൻ്റെ പ്രശ്നമെന്നോ, ആരാണ് യുവാവെന്നോ ഉള്ള വിശദാംശങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.
إرسال تعليق