തലശ്ശേരി: തലായി കടപ്പുറത്ത് സിപിഎം പ്രവർത്തകനായ എ.ലതേഷ് (34) കൊല്ലപ്പെട്ട കേസിൽ വിചാരണ ആരംഭിച്ച് 6 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2020 ജനുവരി 8ന് ആണ് വിചാരണ ആരംഭിച്ചത്. ഇതിനിടയിൽ പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചു. ഒന്നാം സാക്ഷിയെ വിസ്തരിക്കാതെ മൂന്നാം സാക്ഷിയെ ഒന്നാമതായി വിസ്തരിക്കുന്നതിനെതിരെയായിരുന്നു പ്രതിഭാഗത്തിന്റെ ഹർജി. ഹൈക്കോടതി അതിൽ ഇടപെടാൻ വിസമ്മതിച്ചു.
ഹർജിയിൽ തീർപ്പാകുമ്പോഴേക്കും കോവിഡ് പൊട്ടിപ്പുറപ്പെട്ടു. അതോടെ വിചാരണ നീണ്ടു. തലായി കടപ്പുറത്ത് ഒട്ടേറെപ്പേരുടെ മുന്നിലാണ് ലതേഷ് ആക്രമിക്കപ്പെടുന്നത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ് ദീർഘകാലം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ദൃക്സാക്ഷി മോഹൻലാലും സംഭവസ്ഥലത്ത് അക്രമികൾ ബോംബ് എറിഞ്ഞതിനെത്തുടർന്നു പരുക്കേറ്റ സന്തോഷും ഉൾപ്പെടെയുള്ള സാക്ഷികൾ വിചാരണ വേളയിൽ കൂറുമാറിയിരുന്നു. തലശ്ശേരി പൊലീസ് ഇൻസ്പെക്ടറായിരുന്ന യു.പ്രേമൻ പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ ഇൻസ്പെക്ടറായിരുന്ന എം.പി.വിനോദാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ ക്രൈംബ്രാഞ്ച് എസ്പിയായ എം.പി.വിനോദ് വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.
കൊലപാതകക്കുറ്റത്തിനു ജീവപര്യന്തം കഠിനതടവും 50,000 രൂപ വീതം പിഴയും വധശ്രമത്തിന് 10 വർഷം കഠിനതടവും 20,000 രൂപ വീതം പിഴയും അതിഗുരുതരമായി പരുക്കേൽപിച്ചതിന് 10 വർഷം കഠിനതടവും 10,000 രൂപ വീതം പിഴയും സ്ഫോടകവസ്തു നിരോധനനിയമ(3) പ്രകാരം 10 വർഷം കഠിനതടവും 50,000 രൂപവീതം പിഴയും സ്ഫോടകവസ്തു നിരോധനനിയമ (5) പ്രകാരം 5 വർഷം കഠിനതടവും 10,000 രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷകളെല്ലാം ഒന്നിച്ചു ജീവപര്യന്തമായി അനുഭവിച്ചാൽ മതി. പ്രതികൾ പിഴയടയ്ക്കുകയാണെങ്കിൽ 5 ലക്ഷം രൂപ കൊല്ലപ്പെട്ട ലതേഷിന്റെ മാതാവിനും 75,000 രൂപ പരുക്കേറ്റ സുരേഷിനും കൊടുക്കണമെന്നും ഉത്തരവിലുണ്ട്.

إرسال تعليق