കണ്ണൂർ: കണ്ണൂർ, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധന നടത്തി.
പോലീസ്, അഗ്നിരക്ഷാസേന, റെയിൽവേ പോലീസ്, ആർപിഎഫ് എന്നിവർ നേതൃത്വം നൽകി. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിലെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.
സാധ്യമായ അപകടങ്ങൾ തടയുന്നതിന് നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങളും അഗ്നിരക്ഷാ സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടോ എന്ന് സുരക്ഷാ ഓഡിറ്റ് ഉറപ്പു വരുത്തും. നിലവിൽ ആവശ്യമുള്ള സുരക്ഷാ നടപടികൾ ഓഡിറ്റ് നിർദേശിക്കും.
രണ്ടു ദിവസത്തിനുള്ളിൽ ഓഡിറ്റ് തയ്യാറാക്കി സമർപ്പിക്കുമെന്ന് കണ്ണൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസിപി എ.വി ജോൺ പറഞ്ഞു. അഗ്നി സുരക്ഷയടക്കം പാലിക്കാനും അത് പരിശോധിക്കാനും വിലയിരുത്താനുമുള്ള നിർദേശവും ഓഡിറ്റിലുണ്ടാകുമെന്ന് അഗ്നിരക്ഷാ സേന റീജണൽ ഓഫീസർ പി.രഞ്ജിത് പറഞ്ഞു.
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി വി.വി ലതീഷ്, ആർപിഎഫ് ഇൻസ്പെക്ടർ ജെ.വർഗീസ്, റെയിൽവേ എസ്ഐ കെ.സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

إرسال تعليق