ചുറ്റുമതിലില്ലാതെ സ്കൂൾ; ഓടിവന്നത് കാട്ടുപോത്ത്



കൂത്തുപറമ്പ് : കോളയാട് പഞ്ചായത്ത് പെരുവ വാർഡിലെ ഗവ. പാലയത്തുവയൽ യുപി സ്കൂളിന് ഒരു ചുറ്റുമതിൽ പോലും നിർമിക്കാതെ അധികൃതർ. പൂർണമായും കണ്ണവം വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്കൂൾ കോംപൗണ്ടിലേക്ക് ചൊവ്വാഴ്ചയും കാട്ടുപോത്ത് ഓടിക്കയറി.

  ഉച്ചഭക്ഷണത്തിനു വിദ്യാർഥികളെ വിടുന്നതിനു തൊട്ടു മുൻപാണ് കാട്ടു പോത്ത് ഓടിയെത്തിയത്. കാർ യാത്രക്കാരൻ കണ്ടതിനെ തുടർന്ന് ഇതിനെ ഓടിച്ച് വിട്ടു. വലിയ ദുരന്തമാണ് ഒഴിവായത്. സ്കൂൾ ആരംഭിച്ച് 48 വർഷം പൂർത്തിയാകുമ്പോഴും ഒരു ചുറ്റുമതിൽ പോലും കെട്ടാത്തത് അധികൃതരുടെ അനാസ്ഥയാണ്. വന്യമൃഗങ്ങൾ സ്കൂളിൽ കയറിവരുന്ന അവസ്ഥയാണ്.

 പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 150 ഓളം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതുവരെ സ്കൂളിന് സുരക്ഷ ഒരുക്കാത്തതിൽ രക്ഷിതാക്കളും പ്രതിഷേധത്തിലാണ്. കണ്ണവം വനത്തിന്റെ ഭാഗമായ പെരുവയിൽ ആന, കാട്ടുപോത്ത്, പന്നി, വിഷപ്പാമ്പ്, പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഉണ്ട്.

ഇവയിൽ പുലി ഒഴികെ ബാക്കിയെല്ലാം സ്കൂളിന് സമീപംവരെ എത്താറുണ്ട്. പെരുവ വാർഡിൽ കാട്ടുപോത്ത് ശല്യം രൂക്ഷമാണ്. കൂടാതെ മിക്ക പ്രദേശങ്ങളിലും കാട്ടാനയും ഇറങ്ങാറുണ്ട്.ചെമ്പുക്കാവിൽ പട്ടികവർഗ പ്രീ മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി ഒ.ആർ.കേളു, കെ.കെ.ശൈലജ എംഎൽഎ എന്നിവർക്ക് രക്ഷിതാക്കൾ പരാതി നൽകുകയും ഇവർ സ്കൂൾ സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടി ഉണ്ടായിട്ടില്ല.

Post a Comment

أحدث أقدم

Join Whatsapp

Advertisement