പുനർജനി തേടി ചാലത്തോട്: രണ്ടാംഘട്ട മെഗാ ശുചീകരണം നടന്നു



ചാല : നാശോന്മുഖമായ ചാലത്തോടിനെ വീണ്ടെടുക്കാനുള്ള ദൗത്യവുമായി രണ്ടാംഘട്ട മെഗാ ശുചീകരണം നടന്നു. ചെമ്പിലോട്ടുനിന്ന് തുടങ്ങി നടാൽ പുഴയിൽ സംഗമിക്കുന്ന തോടിന്റെ നവീകരണത്തിനായുള്ള വലിയൊരു ജനകീയ മുന്നേറ്റമാണ് ഞായറാഴ്ച നടന്നത്. ചാലയിൽ നടന്ന ശുചീകരണപ്രവൃത്തികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

വിവിധ കേന്ദ്രങ്ങളിലായി നടന്ന ശുചീകരണം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷൈജ, കാനാമ്പുഴ സംരക്ഷണ സമിതി കൺവീനർ എൻ. ചന്ദ്രൻ, എടക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി. രവീന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്തു. നാല് പ്രധാന മേഖലകളിലായാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

മുൻകാലങ്ങളിൽ പ്രദേശത്തെ കൃഷിയുടെ പ്രധാന ജലസ്രോതസ്സായിരുന്നു ചാലത്തോട്. എന്നാൽ കാലക്രമേണ അധികൃതരുടെ അവഗണനയും മണ്ണ് അടിഞ്ഞുകൂടിയതും കാരണം തോട് നാശത്തിന്റെ വക്കിലായിരുന്നു. തോടിന്റെ പാർശ്വഭിത്തികൾ കെട്ടി സംരക്ഷിക്കാത്തതും മാലിന്യം അടിഞ്ഞതും നീരൊഴുക്കിനെ പൂർണമായും തടസ്സപ്പെടുത്തി. ചാല പാലത്തിന് താഴെ മണ്ണടിഞ്ഞ് ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. ദേശീയപാതയ്ക്ക് വേണ്ടി തോടിന്റെ വീതി കുറക്കുകയും ചെയ്തു. കഴിഞ്ഞ മേയ് മാസത്തിൽ നടന്ന ഒന്നാംഘട്ട ശുചീകരണത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

കാനാമ്പുഴയിൽ നടപ്പിലാക്കിയ വിജയകരമായ നവീകരണ മാതൃക ചാലത്തോടിലും കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. തോടിന്റെ ഇരുവശങ്ങളും കരിങ്കൽഭിത്തി കെട്ടി സംരക്ഷിക്കുന്നതിനൊപ്പം, തോടരികിൽ നടപ്പാതകൾ നിർമിച്ച് പ്രഭാതസവാരിക്കാർക്ക് സൗകര്യമൊരുക്കണമെന്നും നിർദേശമുണ്ട്. നടപ്പാതയോരത്ത് ചെടികൾ നട്ടുപിടിപ്പിക്കുന്നതിലൂടെ വൈകുന്നേരങ്ങളിൽ വിശ്രമിക്കാൻ പറ്റിയ ഇടമാക്കി ഇവിടം മാറ്റാൻ സാധിക്കും. സമീപത്തെ ആശുപത്രികളിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഈ പ്രദേശം മാറ്റിയെടുക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ, എസ്.പി.സി. കെഡേറ്റുകൾ, എൻ.എസ്.എസ്. വൊളന്റിയർമാർ, ആശുപത്രി തൊഴിലാളികൾ എന്നിവർ ശുചീകരണപ്രവൃത്തികളിൽ സജീവമായി പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement