തലശ്ശേരി: സംഗമം ജങ്ഷനിൽ വാഹനാപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ അടിയന്തര നടപടിയുമായി നഗരസഭയും ട്രാഫിക് പോലീസും. അപകടക്കെണിയായി മാറിയ തകർന്ന വിളക്കുതറയിൽ വ്യാപാരി വ്യവസായി സമിതിയുടെ സഹകരണത്തോടെ റിഫ്‌ളക്ടർ സ്ഥാപിച്ചു.
നാലുഭാഗത്തേക്കും ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന ജങ്ഷനിലാണ് യാത്രാ തടസ്സമായി ഈ വിളക്കുതറ നിന്നിരുന്നത്. ഇവിടെയുണ്ടായിരുന്ന ഹൈമാസ്റ്റ് വിളക്ക് നീക്കം ചെയ്തതോടെയാണ് നടുവിലായി സിമന്റ് തറ മാത്രം ശേഷിച്ചത്. യാതൊരുവിധ റിഫ്‌ളക്ടറോ മറ്റ് മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ലാത്തതിനാൽ വാഹനങ്ങൾ ഇതിലിടിച്ച് തുടർച്ചയായി അപകടത്തിൽപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഒരു ചരക്കുലോറിയും ടൂറിസ്റ്റ് ബസും ഇവിടെ ഇടിച്ച് അപകടമുണ്ടായിരുന്നു.
തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ തലശ്ശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ട്രാഫിക് ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും പ്രത്യേക യോഗം വിളിച്ചുചേർത്തു. ഈ യോഗത്തിലെ തീരുമാനപ്രകാരമാണ് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ഇവിടെ റിഫ്‌ളക്ടർ റിങ് സ്ഥാപിച്ചത്. ട്രാഫിക് എസ്.എച്ച്.ഒ എസ്.ആർ. സൂരജ്, എസ്.ഐ. സജിത്ത്, തലശ്ശേരി വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി സി.പി.എം. നൗഫൽ, ടൗൺ മേഖലാ പ്രസിഡന്റ് ഇല്യാസ് ചാത്താടി, സെക്രട്ടറി ടി. ഇസ്മയിൽ, ഒ.വി. റോഡ് യൂണിറ്റ് സെക്രട്ടറി അഷ്‌റഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

إرسال تعليق