ജുവിൻ രാജുവിന്റെ ഹൃദയം സ്പന്ദിക്കും, അശ്വന്തിലൂടെ വാഹനമിടിച്ച് പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ജുവിൻ രാജുവിന്റെ അവയവങ്ങൾ പുതുജീവനേകിയത് അഞ്ചുപേർക്ക്



പയ്യന്നൂർ: കണ്ണൂർ കുറ്റൂർ പഞ്ചായത്തിലെ കുഴിക്കാട് ചന്ദ്രശേഖരന്റെ മകൻ അശ്വന്ത് ചന്ദ്രന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. തൃശൂരിലെ ജുവിൻ രാജുവിന്റെ ഹൃദയമാണ് ഇനി അശ്വന്ത് ചന്ദ്രനിൽ സ്പന്ദിക്കുക. വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം കാരണമാണ് ജുവിൻ രാജുവിന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനേകിയത്. ലിസി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന അശ്വന്തിനാണ് ഹൃദയം നൽകിയത്. കരൾ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ രോഗിക്കും നൽകും. ഒരുവൃക്ക ലിസി ആശുപത്രിയിലെയും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളജിലേയും രോഗികൾക്കാണ് നൽകുന്നത്. കോർണിയ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഐ ബാങ്കിലേക്കും മാറ്റി.

തൃശൂർ ആളൂർ സ്വദേശി ജുവിൻ രാജു (16) ജൂൺ 15നാണ് ആളൂർ കദളിച്ചിറയിൽ അപകടത്തിൽപ്പെട്ടത്. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് ജുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചു. ഹൃദയവും കരളും വൃക്കകളും കോർണിയയും ദാനം ചെയ്യാനാണ് അനുമതി നൽകിയത്.

ഹൃദയമാറ്റ ശസ്ത്രക്രിയ കാത്ത് അശ്വന്ത് ചന്ദ്രൻ രണ്ടുവർഷമായി ചികിത്സയിലാണ്. അശ്വന്ത് ചന്ദ്രൻ ജനിച്ച് ആറാം മാസം മുതൽ ഹൃദ്രോഗിയാണ്. ഹൃദയപേശികളുടെ പ്രവർത്തനം 90 ശതമാനത്തോളം നിലച്ചതോടെയാണ്. മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തത്. ഒരുവർഷത്തിലധികം അമൃതയിലും പിന്നീട് ലിസി ആശുപത്രിയിലും പ്രതീക്ഷയോടെ അനുയോജ്യമായ ഹൃദയം ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു. പിലാത്തറ ഹോപ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നാട്ടുകാരും ജനപ്രതിനിധികളും വിപുലീകരിച്ച കമ്മിറ്റിയും ചേർന്നാണ് ഭാരിച്ച ചികിത്സചെലവിന്റെ ആദ്യഘട്ടം സമാഹരിച്ചത്. വിവിധ കൂട്ടായ്മകളുടെ സഹായത്തോടെ ഹോപ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് മുൻ വാർഡംഗം കെ. ലൈല പ്രസിഡന്റായും എ.സി. സേതു സെക്രട്ടറിയായും ജാക്വലിൻ ബിന്നസ്റ്റാൻലി ട്രഷററായും പ്രവർത്തിച്ചു. തുടർചികിത്സക്ക് ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. ചികിത്സക്കായി ഇതുവരെ 37.50 ലക്ഷം രൂപയാണ് സമാഹരിച്ചത്. അശ്വന്ത് ചന്ദ്രന്റെ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് പ്രശസ്ത ഹൃദയമാറ്റ ശാസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുരമാണ്. ചികിത്സ കാലഘട്ടത്തിൽ കൂടെനിന്ന എല്ലാവർക്കും ഓട്ടോ തൊഴിലാളിയായ അശ്വന്തിന്റെ പിതാവ് ചന്ദ്രശേഖരനും ഹോപ് മാനേജിങ് ട്രസ്റ്റി കെ.എസ്. ജയമോഹനും നന്ദി അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement