കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസുകളിൽ നടപ്പാക്കിയ സൗജന്യ യാത്രാ പദ്ധതി (പ്രിയദർശിനി) ഹിറ്റായതോടെ പുരുഷന്മാർക്ക് ഇരിക്കാൻ സീറ്റ് കിട്ടുന്നില്ലെന്ന് പരാതി. അതുകൊണ്ട് പുരുഷന്മാർക്കും സീറ്റ് സംവരണം അനുവദിക്കണമെന്ന ആവശ്യവുമായി അഖില കേരള ബസ് യാത്രിക അസോസിയേഷൻ രംഗത്തെത്തി.
ഇപ്പോൾ ദിവസേന യാത്ര ചെയ്യുന്നവർ, ദീർഘദൂര യാത്രക്കാർ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് സീറ്റ് കിട്ടാൻ പ്രയാസമായെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. സംവരണ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിലും സ്വകാര്യ ബസുകളിലും പുരുഷ യാത്രക്കാർക്കും പ്രത്യേക സംവരണ സീറ്റുകൾ വേണമെന്നാണ് ആവശ്യം.
പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി വന്നതോടെ ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം വലിയതോതിൽ വർധിച്ചു. ചിലപ്പോൾ ‘ഇരിക്കാനല്ല, പിടിച്ചുനിൽക്കാനാണ് ബസ് യാത്ര‘ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ സ്ത്രീകൾ, വയോജനങ്ങൾ, അമ്മയും കുഞ്ഞും, ഭിന്നശേഷിക്കാർ, എന്നിവർക്ക് സംവരണം നിലവിലുണ്ടെങ്കിലും പുരുഷന്മാർക്ക് പ്രത്യേക സീറ്റുകൾ ഇല്ലാത്തത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നാണ് വാദം. ഹെർണിയ, നടുവേദന, ഹൃദ്രോഗം, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങി പുറമേ കാണാനാകാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ള പുരുഷന്മാർക്കും ഒറ്റ നിൽപ്പിൽ നീണ്ടുനിൽക്കുന്ന യാത്ര വലിയ ബുദ്ധിമുട്ടാകുന്നുവെന്നും നിവേദനത്തിൽ പറയുന്നു.
ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ബസുകളിലാണ് കെ.എസ്.ആർ.ടി.സി വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത്.
2927 ഓർഡിനറി ഷെഡ്യൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇവയെല്ലാം ഓടിക്കാറില്ല. യാത്രക്കാരുടെ തിരക്കനുസരിച്ച് മാറ്റമുണ്ടാകും. തെക്കൻ ജില്ലകളിൽ 1268 ഓർഡിനറി ഷെഡ്യൂളുകളും മധ്യകേരളത്തിൽ 831, വടക്കൻ ജില്ലകളിൽ 828 ഷെഡ്യൂളുകളുണ്ട്.

إرسال تعليق