സംസ്ഥാനത്തെ എഐ ക്യാമറകൾ കണ്ടെത്തിയ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ചുമത്തിയ പിഴത്തുക 1000 കോടി രൂപ പിന്നിട്ടു. എന്നാൽ ഇതിന്റെ വലിയൊരു ഭാഗം ഇപ്പോഴും ഈടാക്കാനുണ്ട്. ഇതുവരെ 365 കോടി മാത്രമാണ് വാഹന ഉടമകളിൽ നിന്ന് പിരിച്ചെടുത്തത്. 635 കോടി കുടിശ്ശികയായി തുടരുകയാണ്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചിട്ട് മൂന്ന് വർഷത്തിനിടെ ഒന്നര കോടിയോളം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടിയുടെ പിഴ പുതുതായി രേഖപ്പെടുത്തി. മേയ് വരെ ആകെ പിഴത്തുക 922 കോടിയായിരുന്നു.
വലിയ തോതിൽ പിഴ കുടിശ്ശിക നിലനിൽക്കുന്നുണ്ടെങ്കിലും എഐ ക്യാമറകൾ റോഡ് സുരക്ഷയിൽ ശ്രദ്ധേയമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.
കുടിശ്ശികയായ തുക പിരിച്ചെടുക്കുന്നതിനായി സർക്കാർ ആംനെസ്റ്റി സ്കീം ഉൾപ്പെടെയുള്ള വിവിധ ഇളവുകൾ പ്രഖ്യാപിച്ചിട്ടും കാര്യമായ ഫലമുണ്ടായില്ല. ക്യാമറകളെക്കുറിച്ചുള്ള ആദ്യകാല ഭയം കുറഞ്ഞതോടെ പിഴ അടയ്ക്കുന്നതിൽ പലരും വീഴ്ച വരുത്തുന്നതായാണ് റിപ്പോർട്ട്.
2023 ജൂണിലാണ് 220 കോടി ചെലവഴിച്ച് 675 എഐ ക്യാമറകൾ ഉൾപ്പെടുന്ന സേഫ് കേരള പദ്ധതി ആരംഭിച്ചത്. ഇതുവരെ പിരിച്ചെടുത്ത 365 കോടി തന്നെ പദ്ധതിയുടെ ചെലവിന്റെ ഒന്നര ഇരട്ടിയിലധികമാണ്.

إرسال تعليق