തളിപ്പറമ്പ്: ഓൺലൈൻ ബിസിനസ് നിക്ഷേപത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ വൻലാഭം നേടാമെന്ന് പ്രലോഭിപ്പിച്ച് തളിപ്പറമ്പ് സ്വദേശിയിൽ നിന്ന് 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിന്റെ പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.
സ്ഥാപനത്തിന്റെ മെന്ററായി സ്വയം പരിചയപ്പെടുത്തിയ ഹേമ എന്ന സ്ത്രീക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. തൃച്ചംബരം താഴെ വളപ്പിൽ വീട്ടിൽ സി.ബി. ജയശീലിന്റെ പരാതിയിലാണ് നടപടി. വ്യാജ വെബ്‌സൈറ്റിലൂടെ ആകർഷകമായ നിക്ഷേപ ഓഫറുകൾ നൽകിയാണ് പരാതിക്കാരനെ വിശ്വസിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
‘അർഗോർ ഗോൾഡ് വാല്യു ഡോട്ട് കോം’ എന്ന വെബ്‌സൈറ്റിലൂടെയാണ് പരസ്യം ലഭിച്ചത്. നിക്ഷേപിക്കുന്ന തുകയ്ക്ക് രണ്ട് മണിക്കൂറിനുള്ളിൽ വലിയ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 10,000 രൂപ നിക്ഷേപിച്ചാൽ രണ്ട് മണിക്കൂറിനകം ലാഭം ഉൾപ്പെടെ 13,000 രൂപ തിരികെ ലഭിക്കുമെന്ന് പറഞ്ഞാണ് പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതെന്നാണ് പരാതി.
ജൂലൈ അഞ്ച് മുതൽ 12 വരെ പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,00,991 രൂപ കൈമാറിയതായി പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിച്ചില്ലെന്നും പണം ആവശ്യപ്പെട്ടപ്പോൾ ബന്ധപ്പെട്ടവരെ ബന്ധപ്പെടാൻ സാധിച്ചില്ലെന്നും പരാതിക്കാരൻ പറയുന്നു.
തുടർന്നാണ് താൻ തട്ടിപ്പിനിരയായതായി മനസ്സിലാക്കി പൊലീസിൽ പരാതി നൽകിയത്. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളും ബന്ധപ്പെട്ട വെബ്‌സൈറ്റിന്റെ ഐപി വിലാസങ്ങളും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

إرسال تعليق