സൂപ്പർ ലീഗ് കേരളയ്ക്ക് ഇന്ന് കിക്കോഫ്; കണ്ണൂരും തൃശൂരും നേർക്കുനേർ



കണ്ണൂർ : സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി തൃശൂർ മാജിക് എഫ്‌സിയെ നേരിടും. രാത്രി 8 മണിക്കാണ് കിക്കോഫ്. വൈകിട്ട് 6 മുതൽ സംഗീത പരിപാടികളും നടക്കും. ടിക്കറ്റ് ഉടമകൾക്ക് വൈകിട്ട് 5 മുതൽ സ്റ്റേഡിയത്തിൽ പ്രവേശിക്കാം.

കണ്ണൂർ വാരിയേഴ്‌സിനെ റഷ്യൻ പരിശീലകൻ ആൻഡ്രേ ചെർണിഷോവ് നയിക്കും. ഷഫീഖ് ഹസ്സൻ മഠത്തിലാണ് സഹപരിശീലകൻ. ഹജ്മൽ സക്കീർ, വാരോ അൽവാരോ, വികാസ് സൈനി, സൈറുത്കീമി, മനോജ്, ഏണസ്റ്റീൻ ലവ്‌സാംബ, ഉമാശങ്കർ, അസിയർ ഗോമസ്, മുഹമ്മദ് സിനാൻ, നിജോ ഗിൽബർട്ട്, ഫസലു റഹ്‌മാൻ, ജെറാർഡ് ആർട്ടിഗസ്, ബോഗ്ദാൻ തുടങ്ങിയവർ ടീമിലുണ്ട്.

തൃശൂർ മാജിക് എഫ്‌സിയുടെ മുഖ്യപരിശീലകൻ സ്പാനിഷ് പരിശീലകൻ ഡേവിഡ് കനേഡയാണ്. മുൻ ഇന്ത്യൻ താരം ജോപോൾ അഞ്ചേരിയാണ് സഹപരിശീലകൻ. കമാലുദ്ദീൻ, ലെനി റോഡ്രിഗസ്, നവീൻ കൃഷ്ണ, അഫ്സൽ, മുഹമ്മദ് ജിയാദ് തുടങ്ങിയവരും ടീമിന്റെ ഭാഗമാണ്.സ്റ്റേഡിയത്തിൽ പ്രവേശനം ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ഗേറ്റുകൾ വഴിയാണ്. പ്ലാറ്റിനം സ്റ്റാൻഡ്, പ്രീമിയം ബോക്സ്, വി.വി.ഐ.പി. ബോക്സ് ടിക്കറ്റുകൾക്ക് ഗേറ്റ് ഒന്നും ഫാമിലി സ്റ്റാൻഡ്, എവേ ഫാൻസ് ടിക്കറ്റുകൾക്ക് ഗേറ്റ് രണ്ടുമാണ്. മറൈനേഴ്‌സ് ഫോർട്ട് ഗേറ്റ് മൂന്ന്, ജനറൽ സൗത്ത് ഗാലറി ഗേറ്റ് നാല്, ഡയറക്ടേഴ്‌സ് ബോക്സ് ഗേറ്റ് അഞ്ച്, ബഫ് ടിക്കറ്റ് ഗേറ്റ് ആറ്, ഏഴ്, ഹോസ്പിറ്റാലിറ്റി സ്റ്റാൻഡ് ഗേറ്റ് ആറ് എന്നിവ വഴിയാണ് പ്രവേശനം.

സ്റ്റേഡിയത്തിൽ ബയോ ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പവർ ബാങ്ക്, സിഗരറ്റ്, ലൈറ്റർ, സെൽഫി സ്റ്റിക്ക്, ഗ്ലാസ് കുപ്പി, കുട, ഹെൽമറ്റ്, ഡ്രോൺ, ലഹരി ഉൽപ്പന്നങ്ങൾ, മദ്യം, ആയുധങ്ങൾ, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങിയവ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാൻ അനുവദിക്കില്ല.

കണ്ണൂർ വാരിയേഴ്‌സിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ആപ്പിലും ലഭ്യമാണ്. ഓഫ്‌ലൈൻ ടിക്കറ്റുകൾ കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിന് സമീപം തയ്യാറാക്കിയ ബോക്സ് ഓഫീസിൽ നിന്നും ലഭിക്കും.

വാഹന പാർക്കിങ്ങിനായി പഴയ ബസ് സ്റ്റാൻഡ്, കണ്ണൂർ കോർപ്പറേഷൻ മൾട്ടി ലെവൽ പാർക്കിങ്, ജി.വി.എച്ച്.എസ്.എസ്. സ്പോർട്സ് സ്കൂൾ ഗ്രൗണ്ട്, പോലീസ് മൈതാനം എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement