സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം വ്യാപിക്കുന്നു; 10 ദിവസത്തിനിടെ 16 കേസുകൾ



കോഴിക്കോട്:- ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം വ്യാപിക്കുന്നു. ഈ മാസം 10 ദിവസത്തിനിടെ രോഗികളുടെ എണ്ണം വർധിച്ചു. ഒക്ടോബർ മാസത്തിൽ 10 ദിവസത്തിനിടെ 16 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് കഴിഞ്ഞ മാസത്തെക്കാൾ വളരെ കൂടുതലാണ്. കഴിഞ്ഞമാസം 32 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് ഈ വർഷം 507 പേർക്ക് രോഗം സ്ഥിരീകരിക്കുകയും എട്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 113 പേർക്ക് രോഗം സംശയിക്കുകയും ചെയ്യുന്നുണ്ട്.

ഒക്ടോബർ മാസത്തിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ ജില്ലയിൽ 10 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ആളുകളിലാണ് രോഗം വ്യാപിച്ചത്.

ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ ഒരു കുടൽ അണുബാധയാണ് ഷിഗെല്ലോസിസ് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ഈ രോഗം, വളരെ പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരും. ശുചിത്വമില്ലാത്ത വെള്ളം കുടിക്കുന്നതിലൂടെയോ, മലിനമായ ഭക്ഷണത്തിലൂടെയോ ഈ ബാക്ടീരിയ ശരീരത്തിലെത്താം. ഇത് വയറിളക്കം, രക്തം കലർന്ന മലം, കഠിനമായ വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു. ആഗോളതലത്തിൽ പ്രത്യേകിച്ച് ശുചിത്വ സൗകര്യങ്ങൾ കുറഞ്ഞ ഇടങ്ങളിലും കുട്ടികൾക്കിടയിലും ഈ ബാക്ടീരിയ വലിയ ആരോഗ്യപ്രശ്നമാണ് ഉണ്ടാക്കുന്നത്.

രോഗം പകരുന്നതെങ്ങനെ

ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ഫീക്കൽ-ഓറൽ പാതയിലൂടെയാണ് പടരുന്നത്. അതായത് രോഗബാധിതനായ ഒരാളുടെ മലത്തിലൂടെ പുറത്തുവരുന്ന ബാക്ടീരിയകൾ മറ്റൊരാളുടെ ഉള്ളിലെത്തുമ്പോഴാണ് രോഗമുണ്ടാകുന്നത്. ശരിയായി ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം കുടിക്കുന്നതിലൂടെയോ അത്തരം വെള്ളത്തിൽ കുളിക്കുന്നതിലൂടെയോ രോഗം പകരാം.

രോഗബാധിതരായ വ്യക്തികൾ കൈകൾ വൃത്തിയാക്കാതെ ഭക്ഷണം പാകം ചെയ്യുകയോ വിളമ്പുകയോ ചെയ്യുമ്പോൾ ബാക്ടീരിയ ഭക്ഷണത്തിൽ കലരുന്നു. രോഗിയുമായുള്ള അടുത്ത സമ്പർക്കം, ഉദാഹരണത്തിന് കുട്ടികളുടെ ഡയപ്പർ മാറ്റുമ്പോഴോ മറ്റോ കൈകൾ വൃത്തിയാക്കിയില്ലെങ്കിൽ രോഗം പകരാൻ സാധ്യതയുണ്ട്. മലിനമായ വസ്തുക്കളിൽ ഇരിക്കുന്ന ഈച്ചകൾ ഭക്ഷണസാധനങ്ങളിൽ ഇരിക്കുമ്പോഴും രോഗാണുക്കൾ വ്യാപിക്കുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement