കണ്ണൂർ: ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്തുന്നതിനായുള്ള ഹെല്‍ത്തി കേരളം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഭക്ഷ്യ -പാനീയ വിതരണ സ്ഥാപനങ്ങളില്‍ ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന സംയുക്ത പരിശോധന ജില്ലയില്‍ തുടരുന്നു. 95 സ്‌ക്വാഡുകളാണ് ഇന്ന് (ചൊവ്വ) പരിശോധനകളില്‍ പങ്കെടുത്തത്. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ജൂസ് കടകള്‍, തട്ടുകടകള്‍, സോഡ- സോഫ്റ്റ് ഡ്രിങ്ക്- ഐസ് ഉല്‍പാദക കടകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തി.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുക, ശുചിത്വ ക്കുറവ്, മലിന ജലം പുറത്തേക്ക് ഒഴുക്കി വിടുക, മാലിന്യം ശരിയായി സംസ്‌ക്കരിക്കാതിരിക്കുക, പകര്‍ച്ച വ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കുക, ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ് , ജലഗുണനിലവാര സര്‍ട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെ പ്രവര്‍ത്തിക്കുക എന്നീ ന്യൂനതകള്‍ കണ്ടെത്തിയ 78 കടകള്‍ക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരമുള്ള ലീഗല്‍ നോട്ടീസ് നല്‍കി.
വൃത്തി ഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റിയിലെ 8 കരിമ്പിന്‍ ജ്യൂസ് കടയും രാമന്തള്ളി പഞ്ചായത്തിലെ ഒരു പലചരക്ക് കടയും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. ജല ഗുണ നിലവാര സര്‍ട്ടിഫിക്കേറ്റോ ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡോ ഇല്ലാതെയായിരുന്നു ഇവ പ്രവര്‍ത്തിച്ചത്. അതോടൊപ്പം പൊതുസ്ഥലത്തെ പുകവലി നിയമ ലംഘനത്തിനും പുകവലി നിരോധിത ബോര്‍ഡ് സ്ഥാപിക്കാത്തതിനും 12000 രൂപ കോട്പ ആക്ട് പ്രകാരവും വിവിധ നിയമ ലംഘനങ്ങള്‍ക്ക് കേരള പഞ്ചായത്തീ രാജ് ആക്ട് പ്രകാരം 17000 രൂപയും പിഴ ഈടാക്കി. കടകളുടെ വാട്ടര്‍ ടാങ്കിന്റെ ശുചിത്വം, ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ എന്നിവയും സ്‌ക്വാഡുകള്‍ പരിശോധിച്ചു. ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തി പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

إرسال تعليق